മലയിൻകീഴ്: ഊരൂട്ടമ്പലം നീറമൺകുഴിയിൽ പ്രവർത്തിക്കുന്ന കോളച്ചിറക്കോണം വി.എസ്.ഭവനിൽ ഷിബിന്റെ ബ്രദേഴ്സ് പെറ്റ് ആൻഡ് അക്ക്വേറിയത്തിൽ തീപിടിച്ചു. ഇന്നലെ പുലർച്ചെ 4.30 മണിയോടെയായിരുന്നു സംഭവം.
മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
പെറ്റ് ഷോപ്പിനോട് ചേർന്നുള്ള വീട്ടിൽ താമസിക്കുന്നവരാണ് കടയിൽനിന്ന് പുക ഉയരുന്നത് കണ്ട് ഷിബുവിനെ വിവരമറിയിക്കുന്നത്. സമീപവാസികൾ തീകെടുത്തുന്നതിനിടെ കാട്ടാക്കട ഫയർഫോഴ്സ് എത്തി. അപ്പോഴേക്കും ഷോപ്പ് പൂർണമായി കത്തിയിരുന്നു. ലൗ ബേർഡ്സ്, മത്സ്യങ്ങൾ, നാടൻ പ്രാവുകൾ, പറവകൾ, വിലകൂടിയ കിംഗ്, ഫാൻ ടെയിൽ, ഫിഞ്ചസ്, മുയലുകൾ എന്നിവ അഗ്നിബാധയിൽ ചത്തു. മീനുകളെ സൂക്ഷിച്ചിരുന്ന ടാങ്കുകൾ, ഓക്സിജൻ കിറ്റുകൾ, തീറ്റകൾ, ഓഫീസ് ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. മാറനല്ലൂർ പൊലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറയും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.