തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഡോ.മനോജ് റോയിസ് വിക്ടറിന് ചുമതലയിൽ തുടരാനാവുമോയെന്ന കാര്യത്തിൽ തെളിവുകൾ നൽകുമെന്ന് ബിഷപ്പ് അനുകൂലികൾ. സഭയിലെ ഇരുഭാഗവുമായി അനുരഞ്ജന ചർച്ച നടത്തുന്ന തിരുവനന്തപുരം സബ് കളക്ടറാണ് ഇക്കാര്യത്തിൽ സഭാ ഭരണഘടന അടക്കമുള്ള കാര്യങ്ങളിൽ തെളിവും വിശദീകരണവും തേടിയത്.
സഭാ ആസ്ഥാനമായ എൽ.എം.എസ് പള്ളിയിലുണ്ടായ സംഘർഷത്തെ തുടർന്ന് മഹായിടവക ഭരണവും നിയന്ത്രണവും സബ് കളക്ടർ തഹസിൽദാർക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തുന്നത്. അധികാരം സംബന്ധിച്ച വാദങ്ങളിൽ ഇരുഭാഗവും ഉറച്ചുനിൽക്കുന്നതിനാൽ അനുരഞ്ജന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
മഹായിടവകയുടെ ഭരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് തങ്ങൾക്ക് അനുകൂല വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിശ്വാസികൾ ബിഷപ്പിന്റെ ചുമതലയുള്ള ഡോ. മനോജ് റോയ്സ് വിക്ടറിനെ സഭാ ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.