photo

തിരുവനന്തപുരം: തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ ചെളിക്കുളമായി ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്. സ്മാർട്ട് സിറ്റി റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നത് ഗ്രൗണ്ടിലാണ്. അതിനാൽ ദിവസേന ലോറിയും ജെ.സി.ബിയുമടക്കം വലിയ വാഹനങ്ങൾ കയറിയിറങ്ങുന്നതാണ് ഗ്രൗണ്ട് ചെളിക്കുളമാകാൻ കാരണമെന്ന് സ്കൂൾ അധികൃതർ പറയുന്നു. മഴ കനത്തതോടെ ഗ്രൗണ്ടിലെ കുഴികളിൽ ചെളിയും വെള്ളവും കെട്ടിനിൽക്കുകയാണ്. സ്കൂൾ തുറക്കും മുമ്പ് ഗ്രൗണ്ട് വൃത്തിയാക്കിയില്ലെങ്കിൽ കുട്ടികൾക്ക് കളിസ്ഥലം ഉപയോഗിക്കാനാവില്ല. മഴ മാറി വെള്ളം വറ്റിയാലേ മെറ്റലുകൾ നീക്കി ഗ്രൗണ്ട് വൃത്തിയാക്കാനാവൂ.


രാവിലെയും വൈകിട്ടും വിവിധ സ്പോർട്സ് ക്ളബുകളിലെ കുട്ടികൾ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. ഹൈസ്കൂൾ കെട്ടിടനിർമ്മാണം നടക്കുന്നതിനാൽ പ്രവേശന ഗേറ്റിന് മുന്നിലും ചെളിനിറഞ്ഞിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതിനു മുമ്പ് ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.