തിരുവനന്തപുരം: കുഴിയിൽ വീഴുമെന്ന ആശങ്കയില്ലാതെ വിദ്യാർത്ഥികൾക്ക് ഇനി സ്കൂളിലേക്ക് പോകാം, രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട. സ്മാർട്ട് റോഡ് നിർമ്മാണത്തിനായി മൂന്ന് മാസമായി അടച്ചിട്ടിരുന്ന ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡ് ഇന്നലെ കേരള റോഡ് ഫണ്ട് ബോർഡ് ഭാഗികമായി തുറന്നുനൽകി. റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് 'പണി പൂർത്തിയാകാതെ ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡ് എന്ന തലക്കെട്ടിൽ കേരളകൗമുദി ഇക്കഴിഞ്ഞ 18ന് വാർത്ത നൽകിയിരുന്നു.
ജൂൺ ഒന്നിന് ഹോളി എയ്ഞ്ചൽസ് സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത് കണക്കിലെടുത്താണ് റോഡ് വേഗത്തിൽ തുറന്നത്. സ്കൂളിന് സമീപത്തായുള്ള പുത്തൻ റോഡ് ജംഗ്ഷൻ വരെയാണ് ഇപ്പോൾ തുറന്നത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ബസുകൾക്ക് ഉള്ളിൽ പ്രവേശിക്കാനാകും. അതേസമയം, കോൺട്രാക്ട് വാഹനങ്ങൾക്ക് സ്കൂളിന് മുന്നിൽ നിന്ന് വിദ്യാർത്ഥികളെ കയറ്റുകയും ഇറക്കുകയും ചെയ്യാം. റോഡിൽ ഓട പണിയാനുണ്ട്. രണ്ടാംഘട്ട ടാറിംഗ് പിന്നീടേ നടക്കൂ. പുത്തൻറോഡ് ജംഗ്ഷൻ മുതൽ വഞ്ചിയൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പണികൾ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇവിടത്തെ നിർമ്മാണം പൂർത്തിയാകൽ വൈകുമെന്നാണ് സൂചന. റോഡ് അടച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ നിന്ന് വഞ്ചിയൂരിലേക്ക് പോകേണ്ടവർ പാറ്റൂർ വഴിയാണ് ഇപ്പോൾ പോകുന്നത്.
നാടിന്റെ സ്വപ്നം യാഥാർത്ഥ്യമായി.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്
ആശ്വാസവും സന്തോഷവുമുണ്ട്, ഇത്രയും പെട്ടെന്ന് പണി തീരുമെന്ന് കരുതിയില്ല.
സുനിൽകുമാർ,രക്ഷകർത്താവ്