തിരുവനന്തപുരം: കൊച്ചുവേളിയിൽ ട്രെയിനിറങ്ങിയാൽ യാത്രക്കാർക്ക് നഗരത്തിലെത്താൻ കെ.എസ്.ആർ.ടി.സി ബസില്ല.മുൻപ് കൊച്ചുവേളിയിൽ അവസാനിക്കുന്ന ട്രെയിനുകളിലെ യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുണ്ടായിരുന്നു.
ഇപ്പോഴതല്ല അവസ്ഥ. യാത്രക്കാർക്ക് ബസ് കിട്ടണമെങ്കിൽ 'ഭാഗ്യം' വേണം.മിക്കവാറും ദിവസങ്ങളിൽ ഒരു ബസ് മാത്രമാണ് കൊച്ചുവേളിയിലേക്ക് സർവീസ് നടത്തുന്നത്.
പ്രതിദിനം നൂറുക്കണക്കിന് യാത്രക്കാരാണ് കൊച്ചുവേളിയിലെത്തുന്നത്. മഴക്കാലം കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായി. ട്രെയിനിൽ വന്നിറങ്ങുമ്പോൾ ബസുണ്ടായാലും എല്ലാ യാത്രക്കാരെയും ഉൾക്കൊള്ളാൻ ഈ ഒരെണ്ണത്തിന് കഴിയില്ല.ബാക്കിയുള്ളവർ ഓട്ടോയെ ആശ്രയിക്കേണ്ടിവരും.
സിറ്റിയിലേക്കുള്ള ബസ് കിട്ടണമെങ്കിൽ കൊച്ചുവേളിയിൽ നിന്ന് 15 മിനിട്ട് നടന്ന് വേൾഡ് മാർക്കറ്റിന് സമീപത്തെത്തണം.കാടുമൂടിയും നായ ശല്യമുള്ളതുമായ റോഡ് കടന്നുവേണം ഇവിടെയെത്താൻ. രാത്രിയിൽ ഈ വഴി നടന്നുപോകാനാകില്ലെന്ന് യാത്രക്കാർ പറയുന്നു.
ആശ്രയം ഓട്ടോ
ഓട്ടോയാണ് മറ്റൊരാശ്രയം. 50 രൂപയാണ് പകൽനേരത്തെ ചാർജ്ജ്. സിറ്റിയിലേക്കാണെങ്കിൽ 200 രൂപ വരെ ഓട്ടോക്കാർ ചോദിക്കും.രാത്രിയായാൽ നിരക്ക് വീണ്ടും കൂടും.60 ഉം 70 രൂപ രൂപ ട്രെയിൻ ടിക്കറ്റെടുത്ത് വരുന്ന ജനറൽ കോച്ച് യാത്രക്കാർക്കാണ് സിറ്റിയിലേക്കെത്താൻ 200 രൂപ ഓട്ടോയ്ക്ക് കൊടുക്കേണ്ടിവരുന്നത്. കൂടുതൽ ബസ് സർവീസുകൾ ക്രമീകരിച്ചാൽ ഈ പ്രതിസന്ധി പരിഹരിക്കാനാകും.
മന്ത്രി മാറി റെയിൽ ടു റെയിൽ' ബസ് സർവീസ്' നടപ്പിലായില്ല
തമ്പാനൂരിൽ നിന്ന് പേട്ട വഴി കൊച്ചുവേളിയിലേക്ക് 2023 ജൂലായ് മുതൽ റെയിൽ ടു റെയിൽ ബസ് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നതാണ്.ഗതാഗതമന്ത്രിയായിരുന്ന ആന്റണിരാജുവിന്റെ നിർദേശപ്രകാരമായിരുന്നു ഈ തീരുമാനം.
പുതിയതായെത്തുന്ന ഇലക്ട്രിക് ബസുകളാകും ഈ റൂട്ടിലേക്ക് അയയ്ക്കുക.കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ ട്രെയിനുകളുടെ സമയം കൂടി കണക്കിലെടുത്ത് ബസ് സർവീസിന്റെ ഷെഡ്യൂളുകൾ തയ്യാറാക്കാനും കോർപ്പറേറ്റ് യോഗം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ വകുപ്പ് മന്ത്രി മാറിയതോടെ തീരുമാനം കെ.എസ്.ആർ.ടി.സി മറന്നു.
ട്രെയിനുകൾ
രാവിലെ 6.15ന് കോർബയാണ് കൊച്ചുവേളിയിൽ നിന്ന് ആദ്യം പുറപ്പെടുന്നത്. 6.35ന് രപ്തിസാഗറും അഹല്യ നഗരയുമുണ്ട്. മധുര - പുനലൂർ പാസഞ്ചർ 6.40ന് ഇവിടെയെത്തും. 8ന് കൊച്ചുവേളി ബറൂണി എക്സപ്രസും പുറപ്പെടും.തിരുവനന്തപുരം നഗരത്തിൽ നിന്ന് രാവിലെ പുറപ്പെടുന്ന ഈ ട്രെയിനുകൾ കണക്കാക്കി ബസ് സർവീസുകളുണ്ടായിരുന്നെങ്കിൽ യാത്രക്കാർക്ക് അനുഗ്രഹമാകുമായിരുന്നു.