തിരുവനന്തപുരം: നഗരത്തിൽ സ്‌മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴി
ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ മൂടി.കുഴികൾ നികത്തിയ ശേഷം അതുവഴി വാഹനങ്ങൾ ഓടിക്കുകയും ചെയ്തു.റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു വഴുതക്കാട് ജംഗ്ഷനിൽ നിന്ന് കോട്ടൺഹിൽ സ്‌കൂളിലേക്ക് പോകുന്ന പ്രധാന റോഡിലെ കുഴികൾ കൗൺസിലർമാർ നികത്തിയത്. പ്രതിഷേധക്കാരെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചു. ഇന്നലെ രാവിലെ 11.30ന് ആയിരുന്നു പ്രതിഷേധം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കൗൺസിലർമാരായ എം.ആർ.ഗോപൻ,തിരുമല അനിൽ, കരമന ഹരി, അജിത്ത്, പി.അശോക് കുമാർ, സുമി ബാലൻ, ദീപിക, പി.വി.മഞ്ജു,ജി.എസ്.മഞ്ജു, ജയലക്ഷ്‌മി,അർച്ചന മണികണ്ഠൻ, സൗമ്യ, ശ്രീദേവി, വി.സത്യവതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മൺവെട്ടിയും മണ്ണ് കൊണ്ടുപോകുന്നതിനുള്ള കൈവണ്ടി,കുട്ട തുടങ്ങിയ സാമഗ്രികളുമായായിരുന്നു പ്രതിഷേധക്കാരെത്തിയത്. കുഴിയുടെ സമീപത്തുണ്ടായിരുന്ന മണ്ണും എംസാൻഡും കൈവണ്ടിയിൽ നിറച്ച ശേഷം കുഴിയിലിട്ട് മൂടുകയായിരുന്നു.സിമി ജ്യോതിഷ് അടക്കമുള്ളവർ കുട്ടയിൽ മണ്ണ് ചുമക്കുന്നതും കാണാമായിരുന്നു. നഗരസഭയ്ക്കെതിരെ ഇവർ മുദ്രാവാക്യവും മുഴക്കി.
റോഡുകളുടെ ശോചനീയാവസ്ഥയിലും സ്‌കൂൾ തുറക്കുന്നതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്ക്കും വേണ്ടിയാണ് കുഴികൾ നികത്തിയതെന്ന് വി.വി.രാജേഷ് പറഞ്ഞു. നഗരത്തിലെ മറ്റ് റോഡുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സ്‌കൂളുകൾക്ക് സമീപമുള്ള റോഡുകൾക്ക് മുന്നിൽ ആദ്യം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശാസ്ത്രീയം,നിയമനടപടിയെടുക്കും: കെ.ആർ.എഫ്.ബി
ബി.ജെ.പി കൗൺസിലർമാർ കുഴി മൂടിയത് അശാസ്ത്രീയമായാണെന്ന് റോഡ് നിർമ്മാണച്ചുമതലയുള്ള കെ.ആർ.എഫ്.ബി അധികൃതർ പറഞ്ഞു.ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടാൻ തീരുമാനിച്ചിരുന്നത്.ജോലി പൂർത്തിയാകാത്തതിനാൽ ഇനി വീണ്ടും ജെ.സി.ബി കൊണ്ട് തോണ്ടണം.ഇതിന് പരിമിതിയുള്ളതിനാൽ മൺവെട്ടിയും ഉപയോഗിക്കേണ്ടിവരും.അതിനുശേഷമേ ഗ്രാനുലാർ മെറ്റൽ കൊണ്ട് കുഴി നന്നായി മൂടാനാകൂ. അതിനുശേഷം റോഡ് ലെവൽ ചെയ്യുകയും വേണം.ഇതിന് വരുന്ന അധികച്ചെലവ് കരാറുകാരൻ വഹിക്കണം.മൂന്നുദിവസം കൊണ്ട് തീർക്കാനിരുന്ന കുഴിയാണ് പ്രതിഷേധക്കാർ അടച്ചത്.കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ രണ്ടുദിവസം കൂടി എടുത്തേക്കും.കുഴി മൂടിയതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും കെ.ആർ.എഫ്.ബി വൃത്തങ്ങൾ പറഞ്ഞു.