k

തിരുവനന്തപുരം: 'കണ്ണാടിയോളം വിലയുള്ള മറ്റൊന്നില്ല. അതിലൂടെ കാണുന്നത് അവനവനെ തന്നെയാണല്ലോ..." കവി ഒ.എൻ.വി കുറുപ്പിന്റെ 93-ം ജന്മദിനത്തോടനുബന്ധിച്ച് ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ ബിഷപ്പ് പെരേര ഹാളിൽ സംഘടിപ്പിച്ച ഒ.എൻ.വി സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തപ്പോൾ പലരും ശില്പിയെ തിരക്കി. ആശയത്തിന്റെ മേന്മയും കരവിരുതും കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ ശില്പങ്ങൾ നിർമ്മിച്ചത് അറുപതുവർഷത്തിലേറെയായി ശില്പകലാരംഗത്ത് സമഗ്രസംഭാവനകൾ ചെയ്ത ശില്പി ബാലൻ നമ്പ്യാരാണ്.

തെയ്യങ്ങൾ നിറഞ്ഞാടുന്ന കണ്ണൂരിലെ കണ്ണപുരം എന്ന ഗ്രാമത്തിലാണ് ബാലൻ ജനിച്ചത്. വടക്കേ മലബാറിലെ ഒട്ടുമിക്ക ഭഗവതിക്കാവുകളിലും കണ്ണാടിബിംബങ്ങൾ കാണാം.ശ്രീകോവിലിലെ ബിംബത്തിന് പകരം കണ്ണാടിബിംബത്തെ അനുഷ്ഠാനക‌ർമ്മങ്ങൾ നടത്തി പ്രതിഷ്ഠിക്കും. ഭക്തന്മാർ പ്രതിബിംബം നോക്കി ധ്യാനിക്കും. ഇതേ ആശയത്തിൽ 20ലേറെ ശില്പങ്ങൾ ബാലൻ നിർമ്മിച്ചിട്ടുണ്ട്. ഇവയിൽ നാലരഅടിയിൽ നിർമ്മിച്ച ഒരു ശില്പം ലോകപ്രശസ്തി നേടിയിരുന്നു.ഇതിന്റെ ഒരടിയുള്ള പകർപ്പാണ് ജ്ഞാനപീഠം നേടിയ എഴുത്തുകാരി പ്രതിഭാ റായിക്കും യുവകവി ദുർഗാപ്രസാദിനും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സമ്മാനിച്ചത്. ആറുവർഷമായി ഈ ചടങ്ങിൽ സമ്മാനിക്കുന്നത് ബാലന്റെ ശില്പങ്ങളാണ്. സ്റ്റെയിൻലെസ്‌സ്റ്രീൽ ഉപയോഗിക്കുന്നതിനാൽ കേടുപാടുവരില്ല. പ്രതിഫലം കൈപ്പറ്റാതെ ശില്പങ്ങൾ നിർമ്മിച്ച ബാലനെ മുഖ്യമന്ത്രി ഇന്നലെ ആദരിച്ചു. വർഷങ്ങളുടെ അടുപ്പമുള്ള സുഹൃത്തും സംവിധായകനും ഒ.എൻ.വി കൾച്ചറൽ അക്കാഡമി അദ്ധ്യക്ഷനുമായ അടൂർ ഗോപാലകൃഷ്ണനാണ് ശില്പം നിർമ്മിക്കാൻ ക്ഷണിച്ചത്.

കണക്കാണ് ഹൃദയം

കർഷകകുടുംബത്തിൽ ജനിച്ച ബാലൻ താൻ ഒരിക്കലും ഒരു കലാകാരനാകുമെന്ന് കരുതിയില്ല. കണക്കായിരുന്നു ഇഷ്ടവിഷയം. റെയിൽവേയിലെ ജോലി ഉപേക്ഷിച്ചാണ് ശില്പകലയിലേയ്ക്ക് ഇറങ്ങിയത്. നിർമ്മിക്കുന്ന ശില്പങ്ങളിലും കണക്ക് പ്രകടമാണ്. ഗോൾഡൻ റേഷ്യോയിലും ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്.വീരാളിപ്പട്ട്, വലംപിരി ശംഖ് എന്നീ വിഷയങ്ങളിൽ എട്ടടിയുള്ള ശില്പങ്ങളുമുണ്ടാക്കി.അവാർഡിന് നൽകുന്ന പണം ചെലവാക്കി തീരുമ്പോഴും ശില്പങ്ങളിൽ ജീവൻ തുടിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ബംഗളൂരുവിലാണ് താമസം.ശില്പകലയിൽ ദേശീയ അവാർഡുകൾ ഉൾപ്പെടെ നേടി.