anilkumar

തിരുവനന്തപുരം: ആരും വിശന്നിരിക്കരുതെന്ന് ആഗ്രഹിച്ച് പാവപ്പെട്ടവരുടെ അരികിലേക്ക് ഓടിയെത്തുന്ന ഒരാളുണ്ട്. തിരുവനന്തപുരം പേട്ട ആനയറ സ്വദേശി ടി.എസ്.അനിൽകുമാർ. 16വർഷമായി അനിൽ ഈ സ്നേഹകർമ്മം തുടരുന്നു.

സർക്കാർ ആശുപത്രികളിൽ വിശന്നിരിക്കുന്നവർക്ക് അന്നമെത്തിക്കുകയെന്ന ദൗത്യം തലസ്ഥാനത്ത് തുടക്കമിട്ടതിൽ ഒരാളാണ് അനിൽ. ഇപ്പോൾ വിവിധ സന്നദ്ധസംഘനകൾ ഉൾപ്പെടെ രംഗത്തുണ്ടെങ്കിലും കൂടുതൽ കരുതൽ വേണ്ട ഇടങ്ങൾ കണ്ടെത്തിയാണ് പ്രവർത്തനം. നിലവിൽ ഫോർട്ട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് അനിൽ തണലാകുന്നത്. പരസഹായം എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചാണ് പ്രവർത്തനം. വിളിപ്പേരും പരസഹായം അനിലെന്നായി. പൊതുപ്രവർത്തനത്തിനും സേവനകാര്യങ്ങളിലും അച്ഛൻ പാച്ചല്ലൂർ സുകുമാരനാണ് മാർഗദീപം.

സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിലും ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ഫിനാൻഷ്യൽ അഡ്വൈസറായും ജോലി നോക്കി ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് ഈ പുണ്യപ്രവൃത്തിയും.

നേരത്തെ മെഡിക്കൽ കോളേജ് തൈക്കാട് ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ശനിയാഴ്ചയും പൊതുഅവധി ദിവസങ്ങളിലും പ്രഭാത ഭക്ഷണവും രണ്ടാം ശനിയാഴ്ചകളിൽ ഉച്ചഭക്ഷണവും എത്തിക്കും. ഭക്ഷണം പാഴാകാതിരിക്കാൻ തലേദിവസം വാർഡിലെത്തി കണക്കെടുത്ത് ടോക്കൺ നൽകും.

കുടുംബശ്രീയുടെ സംരംഭങ്ങളിൽ നിന്നാണ് ഭക്ഷണം വാങ്ങി എത്തിക്കുന്നത്. അനിലിന്റെ മനസറിഞ്ഞ് സംഭാനവന നൽകുന്നവരുമുണ്ട്. ബാക്കിയുള്ള തുക കൈയിൽ നിന്നു ചെലവഴിക്കും. കൊവിഡ് കാലത്ത് തൈക്കാട് ആശുപത്രിയിൽ രോഗികളുടെ ആശ്രയമായിരുന്നു അനിൽ.

ഉള്ളുലച്ച അമ്മയുടെ വിളി.....

2008ൽ തൈക്കാട് ഗവ. ആശുപത്രിയിൽ ഒരു രോഗിക്ക് രക്തദാനം ചെയ്യാൻ പോയതാണ് അനിൽകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആശുപത്രി വരാന്തയിൽ ഒരു ഗർഭിണിയും അമ്മയും ഇരിക്കുന്നു. അനിൽ നോക്കിയപ്പോൾ അമ്മ എണീറ്റു വന്നു വിശക്കുന്നു സാറേ എന്നു പറഞ്ഞു. ഉടൻ അടുത്തുള്ള ഹോട്ടലിൽ നിന്നു രണ്ടു പൊതി ഊണ് വാങ്ങി നൽകി. അതു വാങ്ങുമ്പോൾ ആ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ട അനിലിന്റെ മനസ് അസ്വസ്ഥമായി. രക്തംനൽകി വീട്ടിലെത്തിയശേഷം നടത്തിയ ആലോചനയാണ് പരസഹായത്തിലേക്ക് വഴിതുറന്നത്.