f

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻ.ഡി.എയുടെ സീറ്റ് നേട്ടം രണ്ടക്കത്തിലെത്തിയേക്കുമെന്നും ഡി.എം.കെയുടെ സീറ്റുകൾ കുത്തനെ കുറയുമെന്നും ബി.ജെ.പി വിലയിരുത്തൽ. 'ഇന്ത്യ' മുന്നണി അധികാരം പിടിക്കുമെന്നും സർക്കാരിൽ ഡി.എം.കെ പ്രതിനിധികളുണ്ടാകുമെന്നും ദ്രാവിഡ പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിന് പിന്നാലെയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലും പുറത്തുവന്നത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ കൂടിയ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസി‌‌ഡന്റുമാരുടെയും യോഗമാണ് പാർട്ടിയുടെയും എൻ.ഡി.എയുടെയും വിജയസാദ്ധ്യത പരിശോധിച്ചത്. ഇത്തവണ വോട്ടുവിഹിതത്തിൽ വലിയ മുന്നേറ്റം നടത്താനാകുമെന്ന് ജില്ലാ നേതാക്കൾ യോഗത്തിൽ ഉറപ്പുനൽകിയെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ചില നേതാക്കൾ തിരിമറി നടത്തിയെന്ന ആരോപണവും ചർച്ചചെയ്തു. സംസ്ഥാനത്തിന്റെ ചുമതലയുള്ള സുധാകർ റെഡ്ഡിയും യോഗത്തിൽ പങ്കെടുത്തു.

കേന്ദ്രത്തിലെ പുതിയ സർക്കാരിൽ ഏതൊക്കെ വകുപ്പുകൾ ആവശ്യപ്പെടണമെന്നും ആർക്കൊക്കെ മന്ത്രിപദവി നൽകണമെന്നുമുള്ള ആലോചനകൾവരെ ഡി.എം.കെയിൽ നടന്നുകഴിഞ്ഞു. മുൻകേന്ദ്രമന്ത്രിമാരായ ടി.ആർ. ബാലു, എ. രാജ, പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എന്നിവരെല്ലാം മന്ത്രിമാരാകുമെന്ന തരത്തിൽ തമിഴ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ജൂൺ മൂന്നിന് കരുണാനിധിയുടെ ജന്മദിനമാണ്. ജൂൺ നാലിന് 'ഇന്ത്യ' മുന്നണിയുടെ വിജയം ആഘോഷിക്കാൻ തയ്യാറെടുക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഡി.എം.കെ നേതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. ‌ഡൽഹിയിൽ നടക്കുന്ന കരുണാനിധി ജന്മദിന സമ്മേളനത്തിൽ 'ഇന്ത്യ' മുന്നണി നേതാക്കളും പങ്കെടുക്കും.