തിരുവനന്തപുരം: കാരവാൻ ടൂറിസം പദ്ധതിയായ 'കേരവാൻ കേരള' ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് കേരള ടൂറിസം വകുപ്പ് അറിയിച്ചു. കാരവാൻ ടൂറിസത്തിന്റെ വാണിജ്യപങ്കാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നടപ്പു സാമ്പത്തികവർഷം കാരവാൻ ടൂറിസത്തിന് സബ്സിഡികൾ നൽകാൻ 3.10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാരവാൻ ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായി കരാറിലേർപ്പെട്ട 13 സംരംഭകർക്ക് 7.5 ലക്ഷം രൂപ വച്ച് 97.5 ലക്ഷം നൽകി
കാരവാനുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകി.
സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള ടൂറിസം വളർച്ചയ്ക്ക് കാരവാൻ ടൂറിസം സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു പറഞ്ഞു. ആഭ്യന്തര,വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഏറ്റവും പറ്റിയ ടൂറിസം ഉത്പന്നമാണിതെന്നും അദ്ദേഹം പറഞ്ഞു.