kerala-kaumudi

നെടുമങ്ങാട് : വിദ്യാർത്ഥികളുടെ അഭിരുചിയും കഴിവും മനസിലാക്കി,ഉപരിപഠനത്തിൽ ദിശാബോധം പകർന്ന് കേരളകൗമുദി - സഫയർ വിദ്യാഭ്യാസ സെമിനാർ 'എഡ്യൂവിസ്ത - 2024" നെടുമങ്ങാടിനു പുതിയ അനുഭവമായി. പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പരിശീലന ക്‌ളാസുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചി വിലയിരുത്തുന്നതിനുള്ള സൈക്കോമെട്രിക് ടെസ്റ്റും ശ്രദ്ധേയമായി. ദർശന ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ 9 മുതൽ 12ാം ക്ലാസ് വരെയുള്ള 350 - ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ദർശന സ്‌കൂൾ മാനേജിംഗ് പാർട്ണർ ഡോ.എസ്.എം.രഞ്ജു ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും മുൻ ജോയിൻറ് എൻട്രൻസ് കമ്മീഷണറുമായ ഡോ.കെ. പി ജയ് കിരൺ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് സംസ്ഥാന കോഡിനേറ്റർ ഷിഹാബ്.എ,സഫയർ അക്കാഡമിക് ഹെഡ് ഡോ.ഹരി നാഗരാജ് എന്നിവർ ക്ലാസ് നയിച്ചു. ഗവൺമെൻറ് വിമൻസ് കോളേജിലെ സൈക്കോളജി വിഭാഗം ഗവേഷകരായ ക്രിസ്റ്റീന മറിയം ചാക്കോ, ആദിത്യ ആർ.കൃഷ്ണ എന്നിവർ സൈക്കോമെട്രിക് ടെസ്റ്റിന് നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കേരളകൗമുദിയുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദർശന സ്‌കൂൾ പ്രിൻസിപ്പൽ എസ്.എം.രാകേന്ദു, ഐ.എസ്.ആർ.ഒ റിട്ട.ജീവനക്കാരനും പ്രമുഖ പപ്പട്ടറി ആർട്ടിസ്റ്റുമായ പി.വേണുഗോപാൽ, സോപാനം ഐ.ടി മിഷൻ ഡയറക്ടർ ഷിബു സോപാനം തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി ഡി.ജി.എം ആർ.ചന്ദ്രദത്ത് നന്ദി പറഞ്ഞു.വിദേശ പഠന ഇൻസ്റ്റിറ്റ്യൂട്ട് ഫ്ലൈ ഓൺ, നാരായണഗുരു കോളേജ് ഓഫ് എൻജിനീയറിംഗ് എന്നിവർ സെമിനാറിന്റെ അസോസിയേറ്റ്സ് സ്പോൺസർമാരായിരുന്നു.