തിരുവനന്തപുരം : സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് രാവിലെ 11.30ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചു.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അജൻഡ വ്യക്തമാക്കിയിട്ടില്ല. ഗുണ്ടാ നേതാവിന്റെ സത്കാരത്തിൽ പങ്കെടുത്ത ഡി.വൈ.എസ്.പിയെയും പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് യോഗം നടക്കുന്നത്. ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ചർച്ച ചെയ്യും. സംസ്ഥാന പൊലീസ് മേധാവിയെ കൂടാതെ ക്രമസമാധാന പാലനം, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, തീരദേശം, ക്രൈം റിക്കാർഡ്സ് ബ്യൂറോ, ആംഡ് പൊലീസ് തുടങ്ങിയവയിലെ എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി തലത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.