തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പാർവതി പുത്താനാറിലെ ഒഴുക്ക് സുഗമമാക്കുമെന്ന് ആന്റണി രാജു എം.എൽ.എ പറഞ്ഞു. കേരളകൗമുദി പ്രസിദ്ധീകരിച്ച 'മഴപ്പേടിയിൽ തലസ്ഥാനം" എന്ന പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുത്തനാറിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 44 ലക്ഷത്തിന്റെ നവീകരണമാണ് ഇവിടെ നടക്കുന്നത്. കേരളകൗമുദി വാർത്തയുടെ പശ്ചാത്തലത്തിൽ കൂടിയാണിത്. കരിയൽ തോടിൽ നിന്ന് പാർവതി പുത്തനാറിലേക്ക് ഒഴുക്ക് നിലച്ചിരിക്കുകയാണ്. പ്ളാസ്റ്റിക്കും കോഴിമാലിന്യങ്ങളും അടക്കം അടിഞ്ഞുകൂടിയതാണ് കാരണം. ഇതാണ് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനി നീക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വള്ളക്കടവ് പാലം പെരുനല്ലി വരെയാണ് മാലിന്യങ്ങൾ നീക്കുന്നത്. കോരിമാറ്റുന്ന മാലിന്യങ്ങൾ സമീപത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത് ഉടൻ മുട്ടത്തറിയിലെ സ്വീവേജ് ഫാമിന്റെ മറുഭാഗത്ത് നിക്ഷേപിച്ച് സംസ്‌കരിക്കും. അതിനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

പ്രോജക്ട് ഉടൻ സമർപ്പിക്കണം
തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്രസർക്കാർ നൽകുന്ന 200 കോടിയുടെ പദ്ധതി വേണ്ടതുപോലെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എത്രയും വേഗം കോർപ്പറേഷൻ പദ്ധതിരേഖ സമർപ്പിക്കണം. ഇതിനായി വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ജലസേചനം,​ പൊതുമരാമത്ത് വകുപ്പുകളും തിരുവനന്തപുരം കോർപ്പറേഷനുമാണ് പദ്ധതികൾ നടപ്പാക്കാനുള്ള ചുമതല. കേന്ദ്രപദ്ധതിയിൽ 150 കോടി (75%)​ കേന്ദ്രം നൽകും. ശേഷിക്കുന്ന 50 കോടിയാണ് സംസ്ഥാനം വഹിക്കേണ്ടത്. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളടക്കം നേരിടാനുള്ള ശേഷി വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂരിഭാഗം തുകയും കേന്ദ്രം വഹിക്കുന്നതിനാൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളുണ്ടാവും. അത് നടപ്പാക്കാൻ കോർപ്പറേഷൻ ബാദ്ധ്യസ്ഥരാണ്. അട്ടക്കുളങ്ങര, ചാല, കിള്ളിപ്പാലം ഭാഗത്തെ വെള്ളക്കെട്ട് ഇല്ലാതാക്കുക. കരിമഠം കുളത്തിന്റെ സംഭരണശേഷി വർദ്ധിപ്പിക്കൽ,​ ഉള്ളൂർ, കണ്ണമ്മൂല, ആമയിഴഞ്ചാൻ തോടുകൾ ഒരുമിക്കുന്ന പാറ്റൂർ ഭാഗത്ത് തോടുകളുടെ വീതി വർദ്ധിപ്പിക്കുന്ന പദ്ധതി തുടങ്ങിയവയൊക്കെ കേന്ദ്ര പദ്ധതിയുടെ ഭാഗമായി പ്ളാൻ ചെയ്യാമെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.