കല്ലമ്പലം: കഴിഞ്ഞ ദിവസം തോരാതെ പെയ്ത മഴയിൽ കല്ലമ്പലം,നാവായിക്കുളം,മണമ്പൂർ മേഖലയിൽ വ്യാപക നാശം. പലയിടങ്ങളിലും തോടുകൾ കരകവിഞ്ഞൊഴുകി.കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മതിലുകൾ തകർന്നു. മരങ്ങൾ കടപുഴകി.
ദേശീയപാതയിൽ കല്ലമ്പലം പ്രൈം ബുക്ക് സ്റ്റാൾ ഉടമ ബിജീഷിൽ അബ്ദുൽ ബഷീറിന്റെ വീടിന് മുന്നിലെ കൂറ്റൻ മതിലിടിഞ്ഞ് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ വീണു. പൂർണമായും തകർന്ന കാർ ഏറെ വൈകി ജെ.സി.ബി ഉപയോഗിച്ചാണ് പുറത്തെടുത്തത്. രാത്രിയിലായിരുന്നു സംഭവം.
നാവായിക്കുളം മുമ്മൂലിയിൽ തോട് കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. നാവായിക്കുളം ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.നാവായിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കുഴിനല്ലൂർ ഷീജയുടെ വീട്ടിലും,വിലങ്ങറ വിജി വിലാസത്തിൽ ബാബുവിന്റെ വീട്ടിലും,മങ്ങാട്ടുവാതുക്കൽ പ്രവർത്തിക്കുന്ന ലാൽ വർക്ക്ഷോപ്പിലും വെള്ളം കയറി.
കടമ്പാട്ടുകോണത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിയിലേർപ്പെട്ടിരുന്ന ജെ.സി.ബി ചെളിയിൽ പുതഞ്ഞു. മറ്റൊരു ജെ.സി.ബി വരുത്തി ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ കരയ്ക്കെത്തിച്ചു.
നാവായിക്കുളം മുക്കുകടയിൽ എസ്.ഷഹീറിന്റെ ഉടമസ്ഥതയിലുള്ള വെള്ളവും ശീതളപാനീയങ്ങളും നിർമ്മിക്കുന്ന എം.കെ പ്രൊഡക്ഷനിൽ വെള്ളം കയറി.റോഡിലെ ഓടയടഞ്ഞതും യഥാസമയം ഓടകൾ വൃത്തിയാക്കാത്തതുമാണ് വെള്ളം ഫാക്ടറിക്കുള്ളിലേയ്ക്ക് കുത്തിയൊഴുകാൻ കാരണം.വലിയ മോട്ടറുകൾ വച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റി. വലിയ നാശനഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.
മണമ്പൂർ പഞ്ചായത്തിൽ പുന്നക്കുഴി തോട് കരകവിഞ്ഞൊഴുകി. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. തോടിന് കരയിൽ താമസിക്കുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.കവലയൂർ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറുവാഹനങ്ങളുടെ യാത്ര തടസപ്പെട്ടു. സമീപത്തെ പെട്രോൾ പമ്പിലും വെള്ളംകയറി. കുടവൂർ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായി.