വിട്ടുവീഴ്ചയ്ക്ക് ഇസ്രയേലും ഹമാസും ഒട്ടും തയ്യാറാകാതെ മുന്നോട്ടു പോകുന്നതിനാൽ റാഫയിലെ കണ്ണുനീർ എന്നു തോരുമെന്ന് ആർക്കും പ്രവചിക്കാനാവാത്ത സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നത്. എട്ടുമാസമായി നീളുകയാണ് ഇസ്രയേൽ ആക്രമണം. കഴിഞ്ഞ ഞായറാഴ്ച റാഫയിലെ അഭയാർത്ഥി ക്യാമ്പിൽ അർദ്ധരാത്രിയിലുണ്ടായ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അധികം പേരും വൃദ്ധരും സ്ത്രീകളും കുട്ടികളുമാണ്. 250-ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ടെൽ അവീവിനു നേരേ റാഫയിൽ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തിയതിനു തിരിച്ചടിയായാണ് ഇസ്രയേൽ റാഫയിൽ പ്രത്യാക്രമണം നടത്തിയത്.
റാഫയിലെ ആക്രമണം നിറുത്തണമെന്ന് ലോക കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഇരുപക്ഷവും കൂടുതൽ രൂക്ഷമായ ആക്രമണങ്ങൾ നടത്തിയത്. ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ രണ്ടു പക്ഷവും തയ്യാറല്ല എന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിനു ലഭിക്കുന്നത്. ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹർജിയിലാണ് റാഫയിലെ സൈനിക നടപടി നിറുത്തിവച്ച് ഇസ്രയേൽ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇടക്കാല ഉത്തരവിട്ടത്. യുദ്ധം നിറുത്തി റാഫയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അന്തിമ ഉത്തരവ് വരാൻ സമയമെടുക്കും എന്നതിനാലാണ് ലോക കോടതി ഇടക്കാല ഉത്തരവിട്ടത്. അവശ്യ സാധനങ്ങളുടെ വരവ് തടയരുതെന്നും റാഫ തുറക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇസ്രയേൽ കണക്കിലെടുത്തിട്ടില്ല എന്നാണ് അഭയാർത്ഥി ക്യാമ്പിലെ ആക്രമണം സൂചിപ്പിക്കുന്നത്.
ഇതിനിടെ മൂന്ന് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ പാലസ്തീന് അംഗീകാരം നൽകുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. യൂറോപ്യൻ യൂണിയനിലെ പ്രമുഖ അംഗരാജ്യങ്ങളായ സ്പെയിൻ, അയർലൻഡ്, നോർവേ എന്നിവയാണ് പാലസ്തീനെ അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. റാഫയിലെ യുദ്ധം ഇസ്രയേൽ നിറുത്തണമെന്നും അത് തുടരുകയാണെങ്കിൽ ഇസ്രയേലിനെതിരെ ഉപരോധം പോലുള്ള നടപടികൾ സ്വീകരിക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ സൈനിക നടപടി തടയുന്ന തരത്തിലുള്ള ഒരു നീക്കം അമേരിക്ക ഉൾപ്പെടെയുള്ള ചില പ്രമുഖ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, യുദ്ധത്തെ പരോക്ഷമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന നടപടികളാണ് അവരിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ റാഫയിൽ സമാധാനം ഉറപ്പുവരുത്താൻ മറ്റ് ലോക രാജ്യങ്ങൾ കൂട്ടായി ഇടപെടേണ്ട സന്ദർഭമാണിത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതിന് സമാന ചിന്താഗതിയുള്ള മറ്റു രാജ്യങ്ങളെ ഒന്നിച്ചുനിറുത്തി ഇടപെടുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാവും. യുദ്ധം തുടരുന്നത് റാഫയിലെ ജനങ്ങൾക്കു മാത്രമല്ല ദുരിതം സമ്മാനിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും അറബിക്കടലിലൂടെയും ചെങ്കടലിലൂടെയുമുള്ള കപ്പൽ ഗതാഗതത്തെയും ചരക്കുനീക്കത്തെയും യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്.
ഹൂതികൾ ഇസ്രയേൽ കപ്പലുകൾക്കു നേരെ പലതവണ ആക്രമണങ്ങൾ നടത്തി. ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ കപ്പലിൽ മലയാളികളായ കപ്പൽ ജീവനക്കാരും കുറെ ദിവസം തടവിലായിരുന്നു. പശ്ചിമേഷ്യ ഒട്ടാകെ വിലക്കയറ്റത്തിനും അവശ്യസാധനങ്ങളുടെ കുറവിനും റാഫയിലെ അവസാനിക്കാതെ നീളുന്ന ഏറ്റുമുട്ടൽ ഇടയാക്കുന്നുണ്ട്. അതിനാൽ ലോക കോടതിയെ അനുസരിച്ച് ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇസ്രയേലിനു മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ട സന്ദർഭമാണിത്.