papanasam-cliff

വർക്കല: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ പാപനാശം സൗത്ത് ക്ലിഫ് ഭാഗത്തെ ബലി മണ്ഡപത്തിനോടു ചേർന്നുള്ള കുന്നിടിഞ്ഞു. കുന്നിൽ നിന്ന് വലിയ കല്ലുകൾ അടർന്ന് മണ്ഡപത്തിന്റെ മുൻഭാഗത്തും പിന്നിലും പതിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ബലിതർപ്പണത്തിന് ഭക്തർ എത്തുന്നതിന് മുമ്പായിരുന്നതിനാൽ ആളപായമുണ്ടായില്ല. രാവിലെ 5.30 മുതലാണ് ഇവിടെ ബലി തർപ്പണം ആരംഭിക്കുന്നത്.

ബലി മണ്ഡപത്തിനു സമീപം ടൂറിസം വകുപ്പ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിന്റെ മുൻഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുമ്പ് കുന്നിടിച്ച് മണ്ണെടുത്തിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടർന്ന് ഇവിടെ കോൺക്രീറ്റ് ചുവരുകൾ കെട്ടി സംരക്ഷിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്. ഇതിനോടു ചേർന്നുള്ള ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞു വീണത്.

കുന്നിടിഞ്ഞ് അപകടാവസ്ഥയിലായിട്ടും ബലിതർപ്പണം തുടർന്നതിനെ നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും ഉച്ചയ്ക്ക് 12 മണിവരെ ചടങ്ങുകൾ തുടർന്നു. ദേവസ്വം ബോർഡ് കരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും മഴക്കാലം തീരുന്നതുവരെ ബലിമണ്ഡപത്തിലെ ചടങ്ങുകൾ നിറുത്തിവയ്ക്കണമെന്നും വാർഡ് മെമ്പർ അനു.കെ.എൽ പറഞ്ഞു.

നോർത്ത് ക്ലിഫ് ഭാഗത്തെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം ഇക്കഴിഞ്ഞ 23ന് കുന്നിടിഞ്ഞിരുന്നു. കുന്നിന്റെ മുനമ്പിലായുള്ള നടപ്പാത ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതിനാൽ ഇതുവഴിയുള്ള സഞ്ചാരം നഗരസഭ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. മഴയുടെ സാഹചര്യത്തിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജി അഭ്യർത്ഥിച്ചു.

അനധികൃത നിർമ്മാണങ്ങൾ നീക്കി നഗരസഭ

വർക്കല: പാപനാശം നോർത്ത് ക്ലിഫിൽ കുന്നിടിഞ്ഞ സാഹചര്യത്തിൽ നടപ്പാതയോടു ചേർന്ന് കുന്നിൻമുകളിലെ അനധികൃത നിർമ്മാണങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. സ്ഥാപനങ്ങളുടെ ബോർഡുകളും നീക്കി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

നിർമ്മാണം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കുനേരെ റിസോർട്ട് ഉടമകളും കച്ചവട സ്ഥാപന ഉടമകളും എതി‌ർപ്പുമായി രംഗത്തെത്തിയെങ്കിലും നഗരസഭ നടപടികളുമായി മുന്നോട്ടുപോയി. കടലിന്റെ ഭാഗത്തുള്ള സൂചനാബോർഡുകൾ ഒഴികെയുള്ള അനധികൃത ബോർഡുകൾ, താത്കാലികമായി സ്ഥാപിച്ചിട്ടുള്ള സ്ഥാപരജംഗമ വസ്തുക്കൾ എന്നിവ തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് മുമ്പ് നീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി പ്രദേശത്തെ എല്ലാ കെട്ടിടയുടമകൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിരുന്നു.

ജാഗ്രതാ നടപടിയുമായി കളക്ടർ

മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാൽ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ പ്രവേശനകവാടം മുതൽ പൊലീസ് എയ്ഡ് പോസ്റ്റ് വരെയുള്ള വാഹന പാർക്കിംഗും കാൽനടയാത്രയും നിരോധിക്കാൻ ജില്ലാകളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. തഹസീൽദാരുടെ മേൽനോട്ടത്തിൽ നഗരസഭ സെക്രട്ടറി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. അപകട സാഹചര്യത്തെക്കുറിച്ച് വിശദമായി പഠനം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ജിയോളിജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, നഗരസഭ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, ഹസാർഡ് അനലിസ്റ്റ് എന്നിവരെ ചുമതലപ്പെടുത്തി.