f

തമിഴ് സിനിമയിലെ നർത്തകിയായ വാസന്തിയെ മലയാളികൾക്ക് അറിയില്ല. എന്നാൽ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ ഏജന്റ് ടീനയെ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാകില്ല. തീപ്പാറും ആക്ഷൻ രംഗങ്ങൾ കൊണ്ട് തിയേറ്ററിൽ കൈയടി നേടുകയായിരുന്നു ഏജന്റ് ടീന. വാസന്തിയാണ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർക്ക് ഒപ്പം ഉള്ള വീഡിയോ പങ്കിടുകയാണ് വാസന്തി ഇപ്പോൾ. വാസന്തിക്ക് മഞ്ജു ഒരു സമ്മാനം നൽകുന്നതും ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാനാകും. വിലപിടിച്ച സമ്മാനമാണ് മഞ്ജുമാഡം നൽകിയതെന്നാണ് വീഡിയോ പങ്കുവച്ച് വാസന്തി കുറിച്ചത്. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് ലോകേഷ് കനകരാജ് വിക്രത്തിലേക്ക് വാസന്തിയെ ക്ഷണിച്ചത്. അതേസമയം രജനികാന്ത് നായകനായ വേട്ടയന്റെയും മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാന്റെയും ജോലികളിലാണ് മഞ്ജു വാര്യർ. ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയനിൽ അമിതാഭ് ബച്ചൻ ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, കിഷോർ, റിതിക സിംഗ്, തുഷാര വിജയൻ, ജി.എം. സുന്ദർ, രമേഷ് തിലക് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.