തിരുവനന്തപുരം: കെ.എസ്.യു തെക്കൻ മേഖലാ ക്യാമ്പിലുണ്ടായ കൂട്ടത്തല്ല് അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ നിന്ന് അംഗമായ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പിന്മാറി. സംഭവം അന്വേഷിക്കാൻ കെ.സി വേണുഗോപാൽ പക്ഷത്തുള്ള രണ്ട് പേരെ നിയോഗിച്ചെന്ന വാദമുയർന്നതിനെ തുടർന്നാണിത്.
വിഷയത്തിൽ സമ്പൂർണ്ണ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, ഭാരവാഹികൾ, ആരോപണ വിധേയർ, സംഭവസ്ഥലത്തുണ്ടായിരുന്നവർ എന്നിവരോട് സമിതി വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ കെ.പി.സി.സി അദ്ധ്യക്ഷന് കൈമാറും. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ ശശി എന്നിവരാണ് സമിതിയിൽ ഇനിയുള്ളത്. കൂട്ടത്തല്ല് നടന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ എ.കെ ശശി മൂന്ന് ദിവസവും ക്യാമ്പിലുണ്ടായിരുന്നു.
കെ.എസ്.യുവിന്റെ ചുമതല നിലവിൽ കെ.പി.സി.സിയിൽ നിന്ന് ആർക്കും നൽകിയിട്ടില്ല. മുമ്പ് വി.ടി ബൽറാം, കെ.ജയന്ത് എന്നിവർക്കായിരുന്നു ചുമതലയെങ്കിലും പാർട്ടി പുന:സംഘടനയോടെ ഇരുവരും ചുമതലയൊഴിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പുതിയ ആളുകൾക്ക് ചുമതല നൽകിയേക്കും.