തിരുവനന്തപുരം: ഗുണ്ടാ സത്കാരത്തിൽ ഡി വൈ.എസ്.പിയും പൊലീസുകാരും പങ്കെടുത്ത സംഭവം തെളിയിക്കുന്നത് പൊലീസിന്റെ ജീർണതയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വ്യാപകമായി. ഗുണ്ടകൾക്ക് ഭരിക്കുന്ന പാർട്ടിയിലെ ഉന്നതരുമായുള്ള അടുപ്പവും പൊലീസ് ബന്ധവുമാണ് ജനജീവിതം ദുസഹമാക്കുന്നത്. പൊലീസ്-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ടിൽ കാര്യക്ഷമതയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ നോക്കുകുത്തികളായി. ഗുണ്ടകൾക്ക് കൂട്ടുനിൽക്കുന്ന പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും ഇവരെ അമർച്ച ചെയ്യാൻ യു.ഡി.എഫ് കാലത്തെ ഓപ്പറേഷൻ സുരക്ഷാപദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.