ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ശക്തമായ കടലാക്രമണത്തിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പിൽ എബ്രഹാം റോബർട്ടാണ് (60) മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖത്തുവച്ച് വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിൽ നിന്ന് തെറിച്ചു വീണ മത്സ്യത്തൊഴിലാളികൾ തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എബ്രഹാം റോബർട്ടിനെ കഴക്കൂട്ടം മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ സെമി (47), അരോക്കി(55), എലസ്കിൻ (55) എന്നിവർ നിസാര പരിക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ഉണ്ടായിരുന്ന വലയും മീനും നഷ്ടപ്പെട്ടു. എൻജിനും സാരമായ കേടുപാടുണ്ട്.
എബ്രഹാം റോബർട്ടിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കരിച്ചു. മെബിൾ ആണ് ഭാര്യ. മക്കൾ: പ്രീതി, ശ്രുതി, ഷെർളി. മരുമക്കൾ: അന്തോൺസ്, റൂബൻ, ജോൺ.
അരമണിക്കൂറിനുള്ളിൽ വീണ്ടും അപകടം
ഏഴുമണിയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ വള്ളം അഴിമുഖം കടക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരാൾ കടലിലേക്ക് തെറിച്ചുവീണെങ്കിലും മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല.
മുൻകരുതൽ അവഗണിച്ച് അധികൃതർ
തിരുവനന്തപുരം: രൂക്ഷമായ കടൽക്ഷോഭവും പേമാരിയും ഉള്ളപ്പോൾ മുതലപ്പൊഴി അഴിമുഖം അടച്ചിടണമെന്ന ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശം അവഗണിച്ചതാണ് കഴിഞ്ഞ ദിവസത്തെ രണ്ട് അപകടങ്ങൾക്കും കാരണം. അപകടങ്ങളിൽ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമിന് ജീവൻ നഷ്ടമാവുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തിരയിൽപ്പെട്ട് അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കടലേറ്റമുള്ളപ്പോൾ മുതലപ്പൊഴി അഴിമുഖം വഴി വള്ളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നത് തടയാൻ അഴിമുഖത്തിന്റെ ഇരുവശങ്ങളിലും ഇരുമ്പ് ചങ്ങലയിട്ട് അടയ്‌ക്കണമെന്നതായിരുന്നു ഫിഷറീസ് വിഴിഞ്ഞം അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷ് ഫിഷറീസ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ഇതിൽ എതിർപ്പ് ഉണ്ടായേക്കുമെന്ന് മനസിലാക്കി തുടർനടപടികളുണ്ടായില്ല. ഉയർന്നുപൊങ്ങുന്ന തിരമാലകളിൽപ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നതാണ് ഇവിടത്തെ അപകടകാരണം. പലപ്പോഴായി പുലിമുട്ടുകളുടെ നീളം കൂട്ടിയതിന്റെ ഫലമായി അഴിമുഖത്തെ വീതിയും പകുതിയായി കുറഞ്ഞു. ഈ വർഷം 11 അപകടങ്ങളിലായി രണ്ടു പേരാണ് ഇവിടെ മരിച്ചത്.
നിർദ്ദേശവും ആശങ്കയും കടലേറ്റ സമയത്ത് മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി അഴിമുഖം ഒഴിവാക്കി വിഴിഞ്ഞം അടക്കമുള്ള ലാൻഡിംഗ് സെന്ററുകൾ ഉപയോഗിക്കണം, വലിയ യാനങ്ങൾ കൊല്ലം ഹാർബർ വഴിയാക്കണം, അപകടസാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ പൊലീസ് എയ്‌ഡ്പോസ്റ്റ് സ്ഥാപിക്കണം എന്നിവയായിരുന്നു നിർദ്ദേശങ്ങൾ. ഇങ്ങനെയായാൽ ബോട്ടുകളും യാനങ്ങളും വിഴിഞ്ഞത്തേക്കും കൊല്ലത്തേക്കും റോഡ് മാർഗ്ഗം കൊണ്ടുപോകേണ്ടിവരും. ഇത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വിഴിഞ്ഞത്തേയും നീണ്ടകരയിലേയും പ്രാദേശിക മത്സ്യത്തൊഴിലാളികൾ എതിർക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
മണൽ ഡ്രെഡ്‌ജിംഗ് പ്രധാനം
അഴിമുഖത്ത് ആറു മീറ്റർ ആഴമെങ്കിലും ഉണ്ടായാലേ സുരക്ഷിത സഞ്ചാരം സാദ്ധ്യമാകൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിലവിൽ ഇവിടെ മൂന്ന് മീറ്റർ ആഴമേ ഉള്ളൂ. അദാനി കമ്പനി എത്തിച്ച ചെറിയ ഹിറ്റാച്ചി കൊണ്ട് മണൽ നീക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്.