hi

കിളിമാനൂർ:ശക്തമായ മഴയെത്തുടർന്ന് പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ നിരവധി സ്ഥലത്ത് മണ്ണിടിച്ചിലും വീടുകൾക്ക് കേടുപാടും സംഭവിച്ചു. അടയമൺ ആശുപത്രി വളപ്പിലെ കൂറ്റൻ മരം കടപുഴകി അടയമൺ പറപ്പൺ റോഡിലെ ഗതാഗതം മുടങ്ങി. കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

തട്ടത്തുമല കെ.എസ്.ടി.പി റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് അല്പസമയം ഗതാഗതം തടസപ്പെട്ടു.കൂറ്റൻ മൺതിട്ട ഇടിഞ്ഞുവീണ് പാപ്പാല കല്ലറക്കോണം സുരേഷ് ഭവനിൽ സുരേഷിന്റെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പൂർണമായും തകർന്നു.ഊമൺ പള്ളിക്കര പാർവതി ഭവനിൽ കവിതയുടെ വീടിന്റെ അടുക്കള ഭാഗത്ത് മണ്ണിടിഞ്ഞുവീണു വീടിന് ചോർച്ചയും ബലക്ഷയവും സംഭവിച്ചു.

ഊമൺ പള്ളിക്കര പുലിപ്പാറ വീട്ടിൽ വാസന്തിയുടെ വസ്തുവിൽ സ്ഥിതി ചെയ്യുന്ന ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി സമീപവാസിയുടെ വീടിനു മുകളിലേക്ക് നിലം പതിക്കാവുന്ന അവസ്ഥയിലാണ്.

മണലേത്തുവച്ച അങ്കണവാടിയുടെ മുൻവശത്തെ തോടിനു മുകളിലെ പാലം അപകടനിലയിലാണ്.വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ നാശനഷ്ടം തിട്ടപ്പെടുത്തി അടിയന്തര സഹായം നൽകുകയും മഴ തുടർന്നാൽ ദുരിതാശ്വാസക്യാമ്പ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അറിയിച്ചു. അപകടസ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,പഞ്ചായത്ത് അംഗങ്ങൾ,അസിസ്റ്റന്റ് സെക്രട്ടറി,എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനിയർ,വില്ലേജ് ഓഫീസർ എന്നിവർ സന്ദർശിച്ചു.