നെടുമങ്ങാട്: വേനൽ മഴയിൽ തോടുകളും ഓടകളും കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നെടുമങ്ങാട് താലൂക്കിൽ പത്ത് വീടുകൾ ഭാഗികമായി തകർന്നതായി റിപ്പോർട്ട്. കിള്ളിയാർ തീരം കവർന്നതിനെ തുടർന്ന് കരകുളം കെൽട്രോൺ ജംഗ്ഷനു സമീപത്തെ റിവർവ്യു ഗാർഡൻ, അലയത്താഴ പ്രദേശവാസികൾ ഇന്നലെ പകൽ വീടിനു പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ടു. പുല്ലമ്പാറയിൽ തോട്ടിലെ വെള്ളം കയറി ഒരു വീടും ആനാട്, വാമനപുരം, ആര്യനാട്, വിതുര വില്ലേജുകളിൽ മരങ്ങൾ ഒടിഞ്ഞു വീണ് ഒമ്പത് വീടുകളും തകർന്നതായി താലൂക്ക് ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ കിള്ളിയാറും കൈവഴികളും താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇരച്ചുകയറി. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മുറ്റത്ത് വെള്ളം നിറഞ്ഞതു കണ്ടത്. കെൽട്രോൺ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപത്തുള്ള പാലം മുതൽ അലയത്താഴ വരെയുള്ള കിള്ളിയാർ സമാന്തര റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഇതുകാരണം പ്രദേശവാസികളായ 200ഓളം കുടുംബങ്ങൾ ദുരിതത്തിലായി. പലർക്കും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റുന്നില്ല. ഒട്ടുമിക്ക വീടുകളുടെയും മുറ്റത്തും വരാന്തയിലും വെള്ളം കയറി. അരുവിക്കര ഫാർമേഴ്സ് ബാങ്കിന് സമീപം കൂറ്റൻ മാവ് കടപുഴകി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. നെടുമങ്ങാട് നിന്നു ഫയർഫോഴ്സെത്തി മരം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
അരുവിക്കര ഡാം തുറന്നു, പൊന്മുടിയിൽ സന്ദർശനവിലക്ക്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരമനയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിൽ ഷട്ടറുകൾ 150 സെ.മീറ്റർ ഉയർത്തിയതായി ഡാം അധികൃതർ അറിയിച്ചു. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മലയോര പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദശകർക്ക് വിലക്ക് ഏർപ്പെടുത്തി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും വാർത്താക്കുറിപ്പിറക്കി. ജില്ലാ ദുരന്തനിവാരണ സമിതിയുടെ നിർദേശപ്രകാരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് ഏറുന്നു
ആനാട് പുത്തൻപാലം, പത്താംകല്ല് എന്നിവിടങ്ങളിൽ തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ പരക്കെ വെള്ളം കയറി.
നഗരസഭയിലെ പ്രധാന ഇടറോഡുകളിൽ വെള്ളക്കെട്ട് തുടരുകയാണ്. പൂവത്തൂർ - ചിറക്കാണിതോട് കരകവിഞ്ഞ് പാറയിൽക്കട -ചിറക്കാണി - ചെട്ടിവിള റോഡിൽ ഗതാഗതം ദുഷ്കരമാണ്. വാണ്ട - ചരുവള്ളിക്കോണം റോഡിലും മേലാങ്കോട് പറണ്ടോട് ക്ഷേത്ര റോഡിലും ചെല്ലങ്കോട് ഏലാ റോഡിലും വെള്ളക്കെട്ടുണ്ട്. അരുവിക്കര - കളത്തറ റോഡിൽ തോട്ടിലെ വെള്ളം കയറി ഗതാഗതം താറുമാറായി. വെമ്പായം- പഴകുറ്റി റോഡിൽ ഇരിഞ്ചയം പടിക്കെട്ട് ഭാഗവും കുന്നിൽ റോഡും മണിക്കൂറുകളോളം വെള്ളത്തിനടിയിലായി. തെങ്കാശി - തിരുവനന്തപുരം പ്രധാന പാതയിൽ അഴിക്കോട്, പതിനൊന്നാംകല്ല്, കല്ലമ്പാറ, കൊല്ലങ്കാവ്, ഇളവട്ടം എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്.
ഒഴുക്കിൽപ്പെട്ട പോത്തിനെ കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്
പത്താംകല്ലിൽ ഒഴുക്കിൽ പെട്ടുപോയ പോത്തിനെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ഫയർഫോഴ്സ് കരയ്ക്കെത്തിച്ചു. കഴുത്തിൽ കയറു കെട്ടിയ നിലയിൽ കിള്ളിയാറ്റിൽ കുടുങ്ങിപ്പോയ പോത്ത് കരകയറാൻ കഴിയാതെ മുങ്ങിത്താഴുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീരൂപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാഹുൽ, അനൂപ്, ഡ്രൈവർ സുനീഷ് കുമാർ, ഹോം ഗാർഡ്സ് സതീഷ്, അരവിന്ദ് എസ്. കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.