photo

പാലോട്: അസംസ്‌കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും,നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും കാരണം ഈറ്റത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. വർഷങ്ങളായി ഈറ്റ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊഴിലാളി കുടുംബങ്ങൾ കൊടും പട്ടിണിയിലാണ്.

വട്ടി, കുട്ട, മുറം, പായ തുടങ്ങിയവ നിർമ്മിച്ചുനൽകി ഉപജീവനം നടത്തിയിരുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

വിവാഹസദ്യ ഒരുക്കുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ ഉത്പന്നങ്ങളും ചെലവായിരുന്നത്. എന്നാൽ ഇവന്റ് മാനേജ്‌മെന്റ് മേഖല വിവാഹ നടത്തിപ്പ് ഏറ്റെടുത്തതോടെ ഉത്പന്നങ്ങൾ ഏറക്കുറെ ഉപേക്ഷിച്ചതാണ് തൊഴിലാളികളെ വലയ്ക്കുന്നത്. ഇവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ അധികൃതരും തയ്യാറാകാതായതോടെ വലിയ പ്രതിസന്ധിയാണ് തൊഴിലാളികൾ നേരിടുന്നത്.

നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. ഇതുകാരണം ഭൂരിഭാഗംപേരും പട്ടിണിയിലാണ്. പലരും കുലത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജോലികൾക്കു പോകേണ്ട അവസ്ഥയാണ്.പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

ഉൾവനത്തിൽ പോണം

വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഇപ്പോൾ ഈറ ലഭിക്കാൻ ഉൾവനങ്ങളിലേക്കു പോകേണ്ട അവസ്ഥയാണ്. വലിയ ത്യാഗം സഹിച്ച് ഇങ്ങനെ ഈറ്റയെത്തിച്ചാലും വാങ്ങാൻ ആളില്ലെങ്കിൽ തങ്ങളുടെ ഉത്പന്നങ്ങൾ എന്തുചെയ്യുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.

ഉത്പന്നങ്ങൾക്ക് വില കുറവ്

പ്രാദേശിക മാർക്കറ്റിൽ 200 രൂപ മുതൽ 350 രൂപ വരെ വിലയുണ്ടായിരുന്ന ഈറ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്. കിട്ടുന്നത് മതിയെന്ന് കരുതിയാലും ഇവ വിറ്റുപോകാത്തതിന്റെ പ്രതിസന്ധി വേറെ.


സർക്കാർ ഈറ്റ എത്തുന്നില്ല...

ഇടിഞ്ഞാർ,മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റ തൊഴിലാളികളാണുള്ളത്.ഉത്പന്നങ്ങൾ നിർമ്മിക്കാൻ ബാംബു കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്.ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബു കോർപറേഷനു തന്നെ കൈമാറാമെന്നാണ് വ്യവസ്ഥ. വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ നിന്ന് ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു ദിവസം 60 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.