dysp

തിരുവനന്തപുരം : ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി. സാബു ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്തത് പൊലീസ് സേനയുടെയും സർക്കാരിന്റെയും സത്പേരിന് കളങ്കമെന്ന് റിപ്പോർട്ട്.

ഡി.വൈ.എസ്.പി അച്ചടക്ക ലംഘനം നടത്തിയെന്ന് പ്രഥമദൃഷ്‌ട്യാ ബോദ്ധ്യപ്പെട്ടെന്നും ‌ഡി.ജി.പി ഷേയ്ഖ് ദർവേഷ് സാഹിബ് സർക്കാരിന് നൽകിയ റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി സാബുവിനെ സസ്‌പെൻ‌ഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്. പിന്നാലെ ഉത്തരവിറങ്ങി.

ജനങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥൻ ഗുണ്ടകളെ സഹായിക്കുന്നുവെന്ന ധാരണ പരത്തുന്നതാണ് സാബുവിന്റെ നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനങ്ങളുടെ സമാധാന ജീവിതം അപകടത്തിലാക്കുന്ന സംഭവങ്ങൾക്കെതിരെ പൊലീസിന്റെ ശക്തമായ നടപടികൾ ദുർബലപ്പെടുത്തുന്നതാണ് ഡി.വൈ.എസ്.പിയുടെ നപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് അന്വേഷണ വിധേയമായി സാബുവിനെ സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ഉത്തരവ്. വിരുന്നിനെത്തിയ മൂന്നു പൊലീസുകാരും സസ്‌പെൻഷനിലാണ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡി.വൈ.എസ്.പിയെ ഡി.ജിപി ചുമതലപ്പെടുത്തിയിരുന്നു.