anil-kumar

 ഉപലോകായുക്ത വി.ഷെർസി

തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എൻ.അനിൽകുമാറിനെയും ഉപലോകായുക്തയായി ജസ്റ്റിസ് വി.ഷെർസിയെയും നിയമിക്കാൻ സർക്കാർ ഗവർണറുടെ അനുമതിതേടും. ഇരുവരും വിരമിച്ച ഹൈക്കോടതി ജഡ്‌ജിമാരാണ്.

ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് മാർച്ചിൽ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 24ന് സ്‌പീക്കറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. ജസ്റ്റിസ് എൻ.അനിൽകുമാർ 2018 നവംബർ മുതൽ മൂന്നുവർഷം ഹൈക്കോടതി ജഡ്‌ജിയായിരുന്നു. നിലവിൽ കാപ്പ ഉപദേശക ബോർഡ് ചെയർമാനാണ്. കിളിമാനൂർ സ്വദേശിയും മുൻ ഉപലോകായുക്ത ജി.ശശിധരന്റെ ബന്ധുവുമാണ്. കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവർ വധക്കേസിലും നിയമവിദ്യാർത്ഥിനിയെ പീ‌ഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും വിധിപ്രസ്‌താവിച്ചു.

ചെങ്ങന്നൂർ മുൻസിഫായി ആദ്യം നിയമിതനായ അദ്ദേഹം നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്, കൊല്ലം,കോട്ടയം എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ മുൻസിഫ്,എറണാകുളം സബ് ജഡ്ജി,എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി,കൊല്ലത്ത് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി,മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.

1988ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ച വി.ഷെർസിയെ 2016 ഒക്‌ടോബർ അഞ്ചിനാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി,മഞ്ചേരി,തലശേരി എന്നിവിടങ്ങളിൽ ജില്ലാ ജഡ്‌ജിയുമായിരുന്നു. കോഴിക്കോട്,കൊച്ചി,തൃശൂർ,കോട്ടയം എന്നിവിടങ്ങളിൽ സബ് ജഡ്ജിയും തൃശൂരിൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് പദവിയും വഹിച്ചിട്ടുണ്ട്. 70 വയസ് വരെയാണ് ലോകായുക്തയുടെ കാലാവധി. ഉപലോകായുക്തയായി ഹാരൂൺ അൽ റഷീദ് മാത്രമാണ് നിലവിലുള്ളത്.