വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ ഇന്ധനം തീർന്ന് ഒഴുക്കിൽപ്പെട്ട വള്ളത്തിലെ 4 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ധനം തീർന്ന് ശക്‌തമായ കാറ്റിൽ 22 കിലോമീറ്ററോളം ഗതി മാറി ഒഴുകിപ്പോയ വള്ളത്തെയും തൊഴിലാളികളെയുമാണ് വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷൻ കൺട്രോൾ റൂം മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മറൈൻ ആംബുലൻസ് 'പ്രതീക്ഷയിൽ' രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.
പൂന്തുറ സ്വദേശികളായ ബെഞ്ചമിൻ(51),കമലിയാൻ(65),ഡാമിയാൻ(46),ഡയനോഷ്യസ്(55) എന്നിവരെയും ഇവരുടെ വള്ളത്തെയുമാണ് ഇന്നലെ വൈകിട്ടോടെ വിഴിഞ്ഞത്തെ പഴയവാർഫിൽ എത്തിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് വിഴിഞ്ഞത്തു നിന്നാണ് മത്സ്യബന്ധനത്തിനു പോയത്. കാറ്റടിച്ചപ്പോൾ തിരികെ കരയിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെ വള്ളത്തിലുണ്ടായിരുന്ന ഇന്ധനം പൂർണമായി തീർന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കരയിൽ വിവരം നൽകിയതിനെ തുടർന്ന് ആദ്യം കോസ്‌റ്റൽ പൊലീസ് ബോട്ട് പുറപ്പെട്ടെങ്കിലും ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മടങ്ങിപ്പോയി.വെള്ളം കോരിക്കളയാൻ ശ്രമിച്ചെങ്കിലും വീണ്ടും പൊലീസ് ബോട്ടിലേക്ക് വെള്ളം കയറുകയായിരുന്നു.ഗ്രേഡ് എസ്.ഐ സൈമൺ,സി.പി.ഒ പ്രിന്റോ,വാർഡർമാരായ സൂസമൈക്കിൾ,സിൽവസ്റ്റർ,സിയാദ്, ബോട്ട് ക്രൂ ജഗൻ നെൽസൺ, സ്ക്‌കർ ശ്യാം എന്നിവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.കാലപ്പഴക്കം ചെന്ന ബോട്ടാണിതെന്ന് അധികൃതർ പറഞ്ഞു.
തുടർന്ന് ഫിഷറീസ് സ്‌റ്റേഷൻ അസി.ഡയറക്‌ടർ എസ്.രാജേഷ്,ഗാർഡ് വിനിൽ,ലൈഫ് ഗാർഡുമാരായ സുരേഷ്,ആന്റണി ദേവദാസ്,റോബർട്ട്,ജോണി എന്നിവരുൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ മറൈൻ ആംബുലൻസിൽ പോയി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തൊഴിലാളികൾക്ക് ഭക്ഷണവും ഇന്ധനവും നൽകിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.