തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. 11.19 ലക്ഷത്തിന്റെ കൃഷിനാശം റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ തുടങ്ങിയ മഴ ഇന്നലെ രാവിലെ 11 മണിവരെ തുടർന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഉച്ചയ്‌ക്കുശേഷം മഴ മാറിനിന്നത് ആശ്വാസമായി. കിള്ളിയാറിന്റെ തീരത്തെ ജഗതിയിൽ നിരവധി വീടുകളിൽ വെള്ളം കയറിയെങ്കിലും ഉച്ചയോടെ വലിഞ്ഞു.

തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിന്റെ ബസിനു മുകളിൽ മരം വീണ് കേടുപാടുണ്ടായി. പൊന്മുടി, പാലോട്, വിതുര മലയോര മേഖലയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരം വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പലയിടത്തും രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. കാട്ടാക്കട പേഴുംമൂടിൽ കോഴി ഫാമിൽ വെള്ളം കയറിയതിനെത്തുടർന്ന് 5000ഓളം കോഴികൾ ചത്തു. കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട പോത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ഇന്നലെ തുറന്നു. ഈഞ്ചയ്ക്കൽ യു.പി സ്‌കൂളിലാണ് ക്യാമ്പ് തുറന്നത്. നിലവിൽ നാല് ക്യാമ്പുകളിലായി 14 കുടുംബങ്ങളിലെ 31 പേർ കഴിയുന്നുണ്ട്. പൊഴിയൂർ ഗവൺമെന്റ് യു.പി.എസിലെ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ നാലുപേരും കോട്ടുകാൽ സെന്റ് ജോസഫ് എൽ.പി.എസിൽ അഞ്ച് കുടുംബങ്ങളിൽ നിന്നുള്ള 14 പേരും വലിയ തുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ 11 പേരുമുണ്ട്.

16.56 ഹെക്ടർ കൃഷിനശിച്ചു

16.56 ഹെക്ടർ കൃഷിയാണ് ജില്ലയിൽ നശിച്ചത്. വിവിധ മേഖലകളിലായി 127 കർഷകരെ നഷ്ടം ബാധിച്ചു. 16.36 ഹെക്ടർ പ്രദേശത്തെ വാഴകൃഷിയും 0.20 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയുമാണ് നശിച്ചത്.