വെഞ്ഞാറമൂട്: നിലമേൽ സ്വദേശിനിയായ വീട്ടമ്മയും കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കല്ലറ, കാട്ടുപുറം, പേരാപ് ശ്രീഹരി ഭവനിൽ രാജീവിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നിലമേൽ സ്വദേശിനിയായ വീട്ടമ്മയും കുടുംബവും കാറിൽ കല്ലറയിൽ എത്തി അവരുടെ കൈയിലുണ്ടായിരുന്ന അഡ്രസിലെ വിവരങ്ങൾ പ്രതികളോട് ചോദിച്ചു. ഈ സമയം പ്രതികൾ അഡ്രസിലെ വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് കാറിലേയ്ക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തടയാൻ ശ്രമിച്ച വീട്ടമ്മയെയും കാറിലുള്ള പെൺകുട്ടിയേയും പിടിച്ചു തള്ളി. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് ഇവരെ അക്രമികളിൽ നിന്നും രക്ഷിച്ചത്. വീട്ടമ്മ നൽകിയ പരാതിയിൽ പാങ്ങോട് പൊലീസാണ് പ്രതിയെ പിടികൂടിയത്.