തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രി വളപ്പിൽ കിടന്നുറങ്ങിയ 18കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കടയ്ക്കാവൂർ സ്വദേശി അജിത്ത് (44), ചിതറ ഐരക്കുഴി സ്വദേശി നവാസ് (44), നാലാഞ്ചിറ സ്വദേശി കുഞ്ഞുമോൻ (48) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. ഒളിവിൽ കഴിയവേ ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്.
സുഹൃത്തുക്കളായിരുന്ന ഇവർ മദ്യ ലഹരിയിലായിരുന്നു ആക്രമണം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പീടിയാട്രിക് ഒ.പിയുടെ മുൻവശത്ത് കിടന്നുറങ്ങുകയായിരുന്ന വിളപ്പിൽശാല സ്വദേശി അനന്തുവിനെയാണ് പ്രതികൾ മർദ്ദിച്ചത്. അനന്തുവിന്റെ പോക്കറ്റിലുണ്ടായിരുന്ന 500 രൂപ പ്രതികൾ എടുത്തത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലായിരുന്നു ക്രൂര മർദ്ദനം. മൂന്നംഗം സംഘം ചേർന്ന് വലിച്ചിഴച്ച് എതിർവശത്തുള്ള ഗൈനക് ഒ.പി കെട്ടിടത്തിനു പിന്നിൽ കൊണ്ടുപോയി വാക്കുത്തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു.
ചുറ്റികയും തടിയുടെ കഷണവും കൊണ്ട് അനന്തുവിനെ അടിച്ചു. പാദം അടിച്ചുപൊട്ടിച്ചു. മുട്ടിന്റെ ചിരട്ടയ്ക്കും താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. അനന്തു നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൂട്ടിരിപ്പുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നോക്കിയപ്പോഴാണ് ക്രൂരമായി മർദ്ദനമേറ്റ കിടക്കുന്ന അനന്തുവിനെ കണ്ടെത്തിയത്. ഇയാളെ ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകി.
സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മർദ്ദന വീഡിയോയും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. സംശയത്തിന്റെ പേരിൽ അറസ്റ്റുചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.