തിരുവനന്തപുരം: വൈ.എം.സി.എ റോഡിലെ സെക്രട്ടേറിയറ്റ് മതിൽ ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിൽ. വഴിയാത്രക്കാർക്ക് ഭീഷണിയായ മതിൽ എത്രയുംവേഗം പുതുക്കിപ്പണിതില്ലെങ്കിൽ അപകടം ഉറപ്പാണ്. നിരവധിപ്പേർ യാത്രചെയ്യുന്ന ഈ ഭാഗം അപകടാവസ്ഥയിലായിട്ട് നാളുകളായി. ഈ മതിൽ താഴെവീഴാതിരിക്കാൻ ഒരുകയറും പ്ലാസ്റ്റിക് വള്ളിയും ഉപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണ്. ഈ കെട്ട് പൊട്ടിയാൽ മതിൽ താഴെവീഴും.

സെക്രട്ടേറിയറ്റിനുള്ളിലെ പടുകൂറ്റൻ മരത്തിന്റെ വേര് കാരണമാണ് മതിൽ തകർന്നത്. വർഷങ്ങളായി മതിൽ ഈ അവസ്ഥയിലാണ്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ചുറ്റുമതിലിന്റെ അരികത്താണ് വഴിയോരക്കച്ചവടക്കാർ ഇരിക്കുന്നത്. മഴ പെയ്തതോടെ മതിൽ ഏതുനിമിഷവും കാൽനട യാത്രക്കാരുടെയോ കച്ചവടക്കാരുടെയോ പുറത്തേക്ക് പതിക്കാം.

ബന്ധപ്പെട്ട അധികാരികളോട് പലപ്രാവശ്യം പരാതിപ്പെട്ടപ്പോഴാണ് മതിൽ കയർ വച്ചെങ്കിലും കെട്ടിയതെന്ന് സമീപത്തെ കച്ചവടക്കാരൻ പറയുന്നു. മതിലിന്റെ ഈ അപകടാവസ്ഥ ചൂണ്ടിക്കാട്ടി 'സെക്രട്ടേറിയറ്റ് പരിസരത്തെ നടപ്പാത അപകടാവസ്ഥയിൽ" എന്ന തലക്കെട്ടിൽ കേരള കൗമുദി മാർച്ച് 22ന് വാർത്ത നൽകിയിരുന്നു.

സെക്രട്ടേറിയറ്റിലെ ക്യാന്റീനിലെ മലിനജലം പൈപ്പ് പൊട്ടി നടപ്പാതയിലേക്ക് ഒഴുകിയത് താത്കാലികമായി നന്നാക്കിയെങ്കിലും അപകടാവസ്ഥയായ ചുറ്റുമതിൽ പഴയപടിതന്നെ. മാത്രമല്ല മിക്കയിടത്തും നടപ്പാതയിൽ പാകിയിട്ടുള്ള ഇന്റർലോക്കുകൾ ഇളകി കിടക്കുന്നതും യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു.