1

നാഗർകോവിൽ: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ ധ്യാനിക്കാൻ എത്തുന്നതിനെ തുടർന്ന് ത്രിവേണി സംഗമം പരിസരം ഇന്നലെ മുതൽ പൂർണമായി എസ്.പി.ജിയുടെ നിയന്ത്രണത്തിലായി. ഏഴാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന ഇന്ന് മുതൽ മൂന്ന് ദിവസമാണ് മോദി ധ്യാനമിരിക്കാൻ എത്തുന്നത്. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കന്യാകുമാരിയിൽ ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ 3000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ഇന്നലെ രാവിലെ മുതൽ ജൂൺ 1വരെ കന്യാകുമാരിയിലേക്ക് വരാൻ വിനോദസഞ്ചാരികൾക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി വരെ വ്യോമസേനയുടെ വിമാനത്തിൽ പരീക്ഷണ പറക്കവും നടത്തി. കന്യാകുമാരിയും പരിസരത്തും ഡി.ഐ.ജി പ്രവേശം കുമാറും ഡോഗ് സ്‌ക്വാഡും എസ്.പി.ജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.