തിരുവനന്തപുരം: 3100 കോടി രൂപ കുടിശ്ശികയായതിനാൽ കരാറുകാർ ഇന്ന് മുതൽ പണിമുടക്കുന്നതോടെ, ഗ്രാമീണ വീടുകളിൽ ശുദ്ധജലമെത്തിക്കുന്ന ജല ജീവൻ മിഷൻ പദ്ധതി സ്തംഭിക്കും. 2020ൽ കേരളത്തിൽ തുടങ്ങിയ പദ്ധതി 40 ശതമാനം മാത്രമാണ് പൂർത്തിയായത്. 1500 കരാറുകാർക്ക് 19 മാസത്തെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. പണം നൽകാത്തതിനാൽ ആന്ധ്രാപ്രദേശടക്കമുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള 15 കമ്പനികൾ ജോലികൾ നിറുത്തിയിരുന്നു. 500 മുതൽ 2000 കോടിയുടെ വരെ പദ്ധതികൾ ഏറ്റെടുത്ത കമ്പനികളുണ്ട്.

പലയിടത്തും ട്രീറ്റ്മെന്റ് പ്ളാന്റുകളുടെയും പൈപ്പ് ലൈനുകളുടെയും നിർമ്മാണം പാതിവഴിയിലാണ്. 138 സ്ഥലങ്ങളിലായി 51.84 ഏക്കർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 44,000 കോടിയുടെ പദ്ധതിയിൽ 9,011 കോടി ഇതുവരെ ചെലവിട്ടു. ഇതിൽ 4,​635 കോടി കേന്ദ്രവിഹിതവും 4,376 കോടി സംസ്ഥാനത്തിന്റേതുമാണ്. ശേഷിക്കുന്ന 34,​989 കോടിയിൽ സംസ്ഥാന വിഹിതം 15,000 കോടിയോളം വരും. ഇതനുവദിച്ചാലേ കേന്ദ്ര വിഹിതം കിട്ടൂ. ശമ്പളം നൽകാൻ പോലും പണമില്ലാതിരിക്കുന്ന അവസ്ഥയിൽ ഇത്രയും തുക കണ്ടെത്തുക എളുപ്പമല്ല.

കേന്ദ്ര മാനദണ്ഡപ്രകാരം മാർച്ചിൽ പദ്ധതിയുടെ കാലാവധി കഴിഞ്ഞു. എന്നാൽ, വൈകി തുടങ്ങിയതിനാൽ കേരളത്തിൽ 2025ൽ പൂർത്തിയാക്കിയാൽ മതിയെന്നാണ് ജല അതോറിട്ടി പറയുന്നത്.

കിട്ടാനുള്ളത് 19 മാസത്തെ പണം

പണം ലഭിക്കേണ്ട കരാറുകാർ- 1500

 പദ്ധതി തുക- 44,000 കോടി രൂപ

 ഇതുവരെ ചെലവായത്- 9,011 കോടി

 കേന്ദ്രവിഹിതം- 4,​635 കോടി

 സംസ്ഥാന വിഹിതം- 4,376 കോടി

 ശേഷിക്കുന്ന ചെലവ്- 34,​989 കോടി

 ഇതിൽ സംസ്ഥാന വിഹിതം- 15,000 കോടി

'മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. പദ്ധതി മൂന്നു വർഷം കൂടി ദീർഘിപ്പിക്കണം."

-വർഗീസ് കണ്ണമ്പള്ളി

പ്രസിഡന്റ്, ഗവ.

കോൺട്രാക്ടേഴ്സ് അസോ.