
ചിറയിൻകീഴ്: കനത്ത മഴയിൽ പാലവിള ഗവൺമെന്റ് യു.പി സ്കൂളിലെ മതിൽ തകർന്നു വീണു. പുതിയ ബഹുനിലക്കെട്ടിടത്തിനായി കുഴിച്ച കുഴിയുടെ സമീപത്തെ മുപ്പത് മീറ്റർ നീളത്തിലുളള മതിലാണ് തകർന്നത്. കുഴിയിൽ മഴവെള്ളം കെട്ടി നിന്ന് മതിലിന് ബലക്ഷയമുണ്ടായതാകാമെന്നാണ് അനുമാനം. മൂന്നടി വീതിയിലുളള മൺതിട്ടമാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തതും മഴക്കാലത്തിന് മുന്നേ പണി ആരംഭിക്കാത്തതുമാണ് മതിൽ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.