തിരുവനന്തപുരം: എൽ.ഡി.എഫിലെ വിവിധ ഘടകകക്ഷികൾ അവകാശവാദമുന്നയിച്ചതോടെ രാജ്യസഭാ സീറ്റ് സംബന്ധിച്ച തർക്കം പരിഹരിക്കാൻ സി.പി.എം ഉഭയകക്ഷി ചർച്ചകൾക്ക്. സി.പി.ഐക്ക് പുറമെ കേരള കോൺഗ്രസ് -എം, ആർ.ജെ.ഡി, എൻ.സി.പി എന്നിവയും സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിയിൽ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായെങ്കിലും ഘടകകക്ഷികൾ അവരുടെ വാദങ്ങളിൽ ഉറച്ച് നിൽക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തിയാൽ മതിയെന്ന നിലപാടാണ് മുന്നണിയിൽ പൊതുവേയുള്ളത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിയുന്ന സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് സി.പി.ഐ വ്യക്തമാക്കുന്നു. ഇതേ വാദമാണ് കേരള കോൺഗ്രസ് (എം) ഉന്നയിക്കുന്നതും. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടേതാണ് ഒഴിയുന്ന ഒരു സീറ്റ്. പാർലമെന്റ് സീറ്റ് ലഭിക്കാത്ത ആർ.ജെ.ഡിയും, എൻ.സി.പിയും സീറ്റിനായി രംഗത്തുണ്ട്. സി.പി.ഐക്ക് ലഭിക്കുന്ന സീറ്റിൽ പി.പി. സുനീർ, പ്രകാശ് ബാബു എന്നിവർ പരിഗണിക്കപ്പെടുന്നു.