നെടുമങ്ങാട്: ശക്തമായ മഴയിൽ അഞ്ച് വീടുകൾക്ക് കൂടി ഭാഗിക നാശം.വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.നെടുമങ്ങാട് താലൂക്കിൽ രണ്ട് ദിവസത്തിനിടെ 15ഓളം വീടുകൾക്ക് കേടുപാടുണ്ടായതായി ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.ഉഴമലയ്ക്കൽ വില്ലേജിൽ ഒരു കുടുംബത്തെ ബഡ്‌സ് സ്‌കൂളിലും പുല്ലമ്പാറയിൽ ഒരു കുടുംബത്തിലെ അംഗങ്ങളെ തേമ്പാമൂട് അങ്കണവാടിയിലുമാണ്‌ മാറ്റിപ്പാർപ്പിച്ചത്. കുതിരകുളത്തും ചക്രപാണിപുരത്തും രണ്ട് കുടുംബങ്ങളെ ചൊവ്വാഴ്ച മാറ്റിപ്പാർപ്പിച്ചിരുന്നു.വെള്ളനാട്,ആനാട് മേഖലകളിലും വീടുകൾക്ക് നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നെടുമങ്ങാട് നഗരസഭയിലെ വാണ്ടയിൽ തോട്ടിൽ നിന്ന് വെള്ളം കയറി വീട്ടുസാമഗ്രികൾ ഒലിച്ചു പോയി.അരുവിക്കര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു.കൃഷിനാശവും വ്യാപകമാണ്.ആനാട് ഏലായിലും വെള്ളനാട് വാളിയറ മഠത്തിനു സമീപത്തെ കൃഷി സ്ഥലത്തും വെള്ളം കയറി പച്ചക്കറി വിളകൾ നശിച്ചു. കൊങ്ങണം,കന്യാരുപാറ,മേലാങ്കോട്,കണ്ണമ്പള്ളി, ചാങ്ങ മേഖലയിലും വെള്ളക്കെട്ടിനെ തുടർന്ന് കൃഷിനാശമുണ്ട്.