വിഴിഞ്ഞം: കനത്ത മഴയിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള അയ്യങ്കാളിയുടെ കോടതി മന്ദിരം ഓർമയായി.കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കോടതി കെട്ടിടത്തിന്റെ ശേഷിച്ച ചുവരുകൾ നിലംപൊത്തിയത്. 118ലേറെ വർഷം പഴക്കമുള്ളതായിരുന്നു മന്ദിരം. സമീപത്തു അയ്യങ്കാളി സ്ഥാപിച്ച സ്‌കൂൾ കെട്ടിടമുള്ളതിനാൽ സുരക്ഷാഭാഗമായി തകർന്നുവീണ ഭാഗം മാറ്റി താത്കാലിക സംരക്ഷണമതിൽ കെട്ടി. കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് രണ്ടുവർഷം മുൻപ് മേൽക്കൂരയടക്കം പൊളിച്ചുമാറ്റി, ഒരു വശത്തെ ചുവരു മാത്രം നിലനിറുത്തിയിരുന്നു.
സ്മാരകമാക്കാൻ ശ്രമം നടത്തിയെങ്കിലും മണ്ണുകൊണ്ട് നിർമ്മിച്ച കെട്ടിടം അപകടാവസ്ഥയിലായിരുന്നു. പാരമ്പര്യ പ്രൗഢിയോടെ തന്നെ കെട്ടിടം പുനർനിർമ്മിക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
അയിത്ത ജാതിക്കാരുടെ പരാതികൾക്ക് പരിഹാരം കാണാൻ അയ്യങ്കാളി സ്ഥാപിച്ചതാണ് ഈ കോടതി മുറി. അയിത്തജാതിക്കാരുടെ പരാതികൾ കേട്ടിരുന്നത് അന്ന് പ്ലാവിൻ ചുവടുകളിലായിരുന്നു. ഇതിനെ പ്ലാമൂട്ട് കോടതികൾ എന്നാണ് വിളിച്ചിരുന്നത്. ഈ കോടതികളിൽ വളരെ ദൂരെ മാറി തറയിലിരുന്നാണ് തർക്കപരിഹാരം കണ്ടിരുന്നത്. ഇത് നെറികേടായി തോന്നിയ അയ്യങ്കാളി ഇതിനെതിരെ സമുദായ കോടതി സ്ഥാപിച്ചു. അയിത്തജാതിക്കാരുടെ മക്കൾക്ക് സവർണ പ്രമാണികൾ തുടർച്ചയായി വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ 1905ൽ 18 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ബദൽ പള്ളിക്കൂടം സ്ഥാപിച്ചു. ഇതിനോടൊപ്പം തന്നെയാണ് ഇരുനിലകളിലായി കോടതിമുറിയും സ്ഥാപിച്ചത്.വെങ്ങാനൂരിൽ സ്ഥാപിച്ച ഈ കുടുംബകോടതി അയ്യങ്കാളി കോടതി എന്നാണ് അറിയപ്പെട്ടിരുന്നത്. ഏതാനും വർഷം മുമ്പുവരെ സ്കൂളിന്റെ ഓഫീസ് ഈ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
1941ൽ ആസ്മരോഗം കലശലായതോടെ അയ്യങ്കാളി ഈ കോടതി മുറിയിലായിരുന്നു താമസിച്ചതും അന്തരിച്ചതും. ഈ ചരിത്രം പേറുന്ന കെട്ടിടമാണ് പൂർണമായും തകർന്നത്.