തിരുവനന്തപുരം:അഞ്ച് മണിക്കൂർ നിറുത്താതെ പെയ്ത മഴയിൽ നഗരം മുങ്ങി.നഗരത്തിലെ 60 ശതമാനത്തോളം സ്ഥലങ്ങളിൽ ഇന്നലെ വെള്ളം കയറി.68 മില്ലീ മീറ്റർ മഴയാണ് ഇന്നലെ നഗരത്തിൽ പെയ്തത്.തമ്പാനൂരും കിഴക്കേകോട്ടയും ബുധനാഴ്ചത്തെ പെരുമഴയിൽ വെള്ളത്തിൽ മുങ്ങി. തമ്പാനൂർ ബസ് സ്റ്റാൻഡും റെയിൽവേസ്‌റ്റേഷൻ പരിസരവും ഉച്ചയ്ക്കുമുൻപുതന്നെ വെള്ളത്തിലായി.നഗരസഭ തൊഴിലാളികൾ സ്ഥലത്തെത്തി ഓടകളും മറ്റും വൃത്തിയാക്കിയതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ട് താണു. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞ നിലയിലായിരുന്നു ഓടകൾ.

പഴവങ്ങാടിയിലും കിഴക്കേകോട്ടയിലും

അരയ്ക്കൊപ്പം വെള്ളം

പഴവങ്ങാടിയും കിഴക്കേകോട്ടയും മുൻകാലങ്ങളിലെ സ്ഥിരം വെള്ളപ്പൊക്കത്തെ അനുസ്മരിപ്പിച്ചാണ് നിറഞ്ഞുകവിഞ്ഞത്. ഈ ഭാഗത്തെ ആമയിഴഞ്ചാൻതോട് കരകവിഞ്ഞതോടെ രാവിലെ തന്നെ റോഡിൽ മുട്ടറ്റം മാലിന്യം നിറഞ്ഞ വെള്ളമായി. മഴ തുടർന്നതോടെ ഹോട്ടൽ ഉൾപ്പെടെയുള്ള കച്ചവടസ്ഥാപനങ്ങൾ പലതും അടയ്‌ക്കേണ്ടിവന്നു. കിഴക്കേകോട്ടയിൽ കാൽനടപോലും സാധിക്കാത്തവിധം വെള്ളം പൊങ്ങി. മണിക്കൂറുകളോളം യാത്രക്കാർ വലഞ്ഞു.

കിഴക്കേകോട്ട-തമ്പാനൂർ റോഡും, ചാല, എസ്.എസ് കോവിൽ തുടങ്ങിയ ഇടറോഡുകളും മഴ തുടങ്ങി മണിക്കൂറുകൾക്കകം മുട്ടറ്റം വെള്ളത്തിലായി.നഗരസഭാ തൊഴിലാളികളെത്തി ഓടകളും ചാലുകളും വൃത്തിയാക്കിയതോടെ വെള്ളം താഴ്ന്നു. ഇടക്കാലത്ത് ഓടകളുടെ വീതി കൂട്ടിയതും കൾവർട്ടുകൾക്ക് ഉയരം കൂട്ടിയതുമാകാം ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഓടയ്ക്ക് വീതി കൂടിയതോടെ ഒഴുക്കിന്റെ ശക്തി കുറയുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിൽ അടിയുകയും ചെയ്തിട്ടുണ്ടെന്ന് ഈ ഭാഗങ്ങളിലെ കച്ചവടക്കാർ തന്നെ പറയുന്നു.

മെഡിക്കൽകോളേജ് കൊട്ടയോടിൽ മതിൽ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.വലിയശാല റോഡും വെള്ളത്തിനടിയിലായി.കനത്ത മഴയെ തുടർന്ന് തേക്കുംമൂട്‌ പൊട്ടക്കുഴി റോഡും വെള്ളത്തിലായി. ഗതാഗതവും തടസപ്പെട്ടു. ഇവിടെ തോട് കരകവിഞ്ഞെഴുകിയതോടെ ബണ്ട് കോളനിയിലെ അഞ്ച് കുടുംബങ്ങളെ കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കാലടി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

മാണിക്യവിളാകം,കണ്ണമ്മൂല,ആറ്റിപ്ര,വട്ടിയൂർക്കാവ്,ജഗതി,കമലേശ്വരം എന്നീ വാർഡുകളിൽ വെള്ളക്കെട്ടുണ്ടായ റോഡുകളിലും വീടുകളിലും നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ പമ്പ് ഉപയോഗിച്ച് വെള്ളം നീക്കം ചെയ്തു.എസ്.എസ് കോവിൽ റോഡ്,ഉള്ളൂർ പോങ്ങുംമൂട് മെയന്റോഡ്, പാപ്പനംകോട് സ്‌നേഹപുരി,കൃഷ്ണനഗർ റോഡ്,മേലാംകോട്,പൂന്തുറ,​മാണിക്യവിളാകം,​ആലുകാട്,കരമന,നെടുങ്കാട്,​ധർമ്മമുടുമ്പ്,കണ്ണമ്മൂല ഗ്രീൻലൈൻ,വിദ്യാധിരാജ, ജഗതി കുളപ്പുര,പീപ്പിൾസ് ലെയിൻ, കമലേശ്വരം ഗംഗാനഗർ,വട്ടിയൂർക്കാവ് പുളിമൂട് ലെയിൻ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വെള്ളം കയറി. അട്ടക്കുളങ്ങരയിൽ നിന്ന് മണക്കാട് മാർക്കറ്റിലേക്ക് പോകുന്ന റോഡ് പൂർണമായി വെള്ളത്തിൽ മുങ്ങി.ഗംഗ നഗർ, യമുന നഗറുകളിലെ മിക്കവാറും എല്ലാ വീടുകളിലും വെള്ളം കയറി.തകരപ്പറമ്പിലെ വ്യാപാരസ്ഥാപനങ്ങൾക്കുള്ളിലും വെള്ളം കയറി.ലോട്ടറി,ഫർണിച്ചർ കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി.കിള്ളിയാർ കരകവിഞ്ഞതിനെ തുടർന്ന് വട്ടിയൂർക്കാവ് മേഖലയിലെ ചില പ്രദേശങ്ങളിലും ജഗതിയിലും വെള്ളം കയറി. വയലിക്കട,നെട്ടയത്തിന് സമീപം പാപ്പാട് എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്താൽ വീട്ടുകാരെ ഒഴിപ്പിച്ചു.നെടുങ്കാട് സോമൻ നഗർ ധർമ മുടുമ്പിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വെള്ളം കയറി.താമസക്കാരെ കാലടി ഗവ.ഹൈസ്‌കൂളിലേക്ക് മാറ്റി.

കടലായി ചാല കമ്പോളം......

പ്രധാന റോഡിൽ ഉൾപ്പെടെ മുട്ടളവിൽ വെള്ളം ഉയർന്നതോടെ ഇന്നലെ ഉച്ചയോടെ ചാലയുടെ പ്രവർത്തനം സ്തംഭിച്ചു.മഴ ശമിച്ചിട്ടും വെള്ളമിറങ്ങാത്തതിനെ തുടർന്നാണ് ചാലയുടെ പ്രവർത്തനം തടസപ്പെട്ടത്.പച്ചക്കറി മാർക്കറ്റിൽ ഉൾപ്പെടെ വ്യാപാരം നടന്നില്ല.

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും വെള്ളം കയറി

ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ക്ഷേത്രമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും വെള്ളം കയറി.ക്ഷേത്രത്തിന് പുറത്തെ റോഡിലും ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന കവാടം വരെയും മുട്ടറ്റം വരെ വെള്ളമുയർന്നു. ശുചീകരണം നിലച്ചതിനെ തുടർന്ന് ഓടകളിൽ നിന്ന് വെള്ളം നിറഞ്ഞും തോട് കരകവിഞ്ഞതുമാണ് വെള്ളം കയറാൻ കാരണം.രാത്രിയോടെ വെള്ളം പകുതിയിറങ്ങി.