കഴക്കൂട്ടം: ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറി ആകാശയാത്ര നടത്തി കുടുംബശ്രീ അംഗങ്ങൾ. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ തിരിച്ച 44 പേരടങ്ങുന്ന സംഘമാണ് ആകാശ മോഹം നിറവേറ്റിയത്. ചെമ്പഴന്തി, കാട്ടായികോണം, ഉള്ളൂർ, ആക്കുളം, ഇടവക്കോട്, കരിക്കകം, തുടങ്ങിയ വാർഡുകളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളായിരുന്നു പങ്കെടുത്തത്. നഗരസഭയുടെ കുടുംബശ്രീ ഗവേണിംഗ് ബോഡിയുടെ അനുമതിയോടെയാണ് യാത്ര തരപ്പെടുത്തിയത്. ടൂർ ഗോയെന്ന ടൂർ ഏജൻസി ഉണ്ടാക്കിയ പാക്കേജ് അനുസരിച്ച് ഒരാൾക്ക് 5,900 രൂപ വീതം ചെലവഴിച്ചായിരുന്നു യാത്ര. യാത്രാസംഘത്തിൽ ഏറ്റവും പ്രായം കൂടിയ അംഗം 74 വയസുള്ള വസന്തകുമാരി ആയിരുന്നു. തിരുവനന്തപുരത്തു നിന്ന് പറന്ന വിമാനത്തിൽ ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം ബംഗളൂരുവിൽ ഇറങ്ങിയ സംഘം ടൂർ ഏജൻസിയുടെ എ.സി ബസിൽ ബംഗളൂരു നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു. സന്ധ്യയോടെ ഷോപ്പിംഗ് നടത്തി, രാത്രിയിൽ ബംഗളൂരുവിൽ നിന്ന് തിരിച്ച കന്യാകുമാരി ട്രെയിനിൽ ഇന്നലെ ഉച്ചയോടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി. കുറച്ചുപേർക്ക് ട്രെയിൻ യാത്രയും ആദ്യ അനുഭവമായിരുന്നു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി, കോർപ്പറേഷന്റെ കുടുംബശ്രീ മെമ്പർ സെക്രട്ടറി ലേഖാ കുമാരി എന്നിവർ നേതൃത്വം നൽകി.