തിരുവനന്തപുരം: ഒറ്റയ്ക്കേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ കരുത്ത് കൂടുമെന്ന് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി.

വന്നത് ഒറ്റയ്ക്കാണ്, പോകുന്നതും ഒറ്റയ്ക്കാണ്. ജീവിക്കുന്ന സമയത്ത് ഭാര്യയും മക്കളും ബന്ധുക്കളുമൊക്കെയുണ്ടാകുമെന്ന് വിശ്വസിക്കും. ഓരോ മനുഷ്യരും തനിച്ചാണെന്ന സത്യം നമ്മൾ മനസിലാക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു.

കൗമുദി ടി.വിയുടെ 11-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സിൽവർ ലൈൻ കോൺക്ളേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രായം നിർണയിക്കുന്നത് നമ്മുടെ മനസാണ്. എനിക്കിന്നും പ്രണയഗാനങ്ങൾ എഴുതാൻ കഴിയും. എഴുതാനിരിക്കുമ്പോൾ എനിക്ക് വയസ് 28 ആകും. ഞാൻ ആ പ്രായത്തിലേക്ക് തിരിച്ചുപോകും. ചിലപ്പോൾ തിരിച്ചു പോകുന്നത് 18-ാം വയസിലേക്കായിരിക്കും. അല്ലാതെ എഴുതാൻ സാദ്ധ്യമല്ല. നമ്മുടെ മനസ് പ്രായമാകാൻ പാടില്ല. വൃദ്ധർ പോസിറ്റീവായ പദമാണ്,​അഭിവൃദ്ധി പ്രാപിച്ചവരെന്നാണ് വൃദ്ധർ എന്ന പദത്തിന്റെ അർത്ഥം. ഇനിയെങ്കെലും ഒന്നിനും കൊള്ളാത്തവരായി വൃദ്ധരെ കാണരുത്. വൃദ്ധരായി കഴിഞ്ഞാൽ എല്ലാം കഴിഞ്ഞുവെന്ന ധാരണയാണ് പുതിയ തലമുറയാണുള്ളത്. അവർ ബഹുമാനിക്കാൻ മറന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ സിനിമയിലെത്തിയിട്ട് 58 കൊല്ലം കഴിഞ്ഞു,ഗാനങ്ങളെഴുതി,സംവിധാനം,നിർമ്മാണം... എന്നിങ്ങനെയുള്ള എല്ലാ മേഖലയിലുമെത്തി. ഞാനിതുവരെ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ല,സിഗരറ്റ് വലിച്ചിട്ടില്ല,​മുറുക്കില്ല,​നോൺ വെജ് കഴിക്കില്ല. ''അയലാ പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്..." എന്ന് ഞാൻ എഴുതിയിട്ടുണ്ട്. അത് കഥാപാത്രത്തിനു വേണ്ടി എഴുതുന്നതാണ്. മദ്യപാനത്തെക്കുറിച്ചെഴുതിയതും അങ്ങനെ തന്നെയാണ്. ''നീർപ്പോള പോലെയുള്ളൊരു ദേഹത്തിൽ വീർപ്പു മാത്രമുണ്ടിങ്ങനെ കാണുന്നു..."" എന്ന പൂന്താനത്തിന്റെ വരികൾ പാടിക്കൊണ്ടാണ് ശ്രീകുമാരൻ തമ്പി പ്രഭാഷണം ആരംഭിച്ചത്. നീർപ്പോള പോലെയുള്ള ശരീരത്തിൽ നിശ്വാസം മാത്രമാണുള്ളത്. ഒാർത്തിരിക്കുമ്പോൾ പെട്ടെന്ന് നഷ്ടപ്പെടും. അതുകൊണ്ട് പോസിറ്റീവായിരിക്കാൻ അദ്ദേഹം ഓർമ്മിപ്പിച്ചു.