തിരുവനന്തപുരം: കാലപ്പഴക്കം കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററുകളിൽ അറ്റകുറ്റപണി നടത്താൻ പി.ഡബ്ലിയു.ഡി വിഭാഗത്തിന് കത്ത് നൽകി. കെട്ടിടങ്ങൾക്ക് മുകളിലെ വെള്ളക്കെട്ടും ചോർച്ചയും പതിവായതോടെയാണ് നടപടി. എമർജൻസി ഓപ്പറേഷൻ തിയേറ്ററുകളിലാണ് ആദ്യം അറ്റകുറ്റപണി നടക്കുക. തുടർന്ന് ഓരോ വിഭാഗങ്ങളിലെയും എ,​ ബി തിയേറ്ററുകളും നവീകരിക്കും.

കഴിഞ്ഞയാഴ്ച ശക്തമായ മഴയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം തിയേറ്ററിന്റെ സീലിംഗ് പൊളി‌ഞ്ഞ് ഇളകിയിരുന്നു. ഇതേത്തുടർന്നാണ് രണ്ടുദിവസം മുമ്പ് യോഗം ചേർന്ന് ഓപ്പറേഷൻ തിയേറ്ററുകളിൽ അറ്റകുറ്റപണി നടത്താൻ തീരുമാനിച്ചത്. പി.ഡബ്ലിയു.ഡി കെട്ടിട വിഭാഗത്തിനാണ് ചുമതല. പണിയെത്തുടർന്ന് ഡെന്റൽ വിഭാഗത്തിന്റെ സർജറി നടക്കുന്ന ഓപ്പറേഷൻ ബി തിയേറ്ററിലേക്ക് പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ മാറ്റി. ഡെന്റൽ വിഭാഗം ആഴ്ചയിൽ ഒരിക്കലാണ് തിയേറ്റർ ഉപയോഗിക്കുന്നത്. അതിനാൽ മറ്റു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാലപ്പഴക്കം കൊണ്ട് സാധാരണയുണ്ടാകുന്ന ചെറിയ ചോർച്ചകൾ മാത്രമാണ് കെട്ടിടങ്ങൾക്കുള്ളതെന്നും രോഗികളെ ബാധിക്കുന്ന പ്രശ്നങ്ങളില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽകുമാർ പറഞ്ഞു.