തിരുവനന്തപുരം : ആരോഗ്യപ്രദമായ വാർദ്ധക്യത്തിന് മുന്നൊരുക്കം വേണമെന്നും കൃത്യമായ ജീവിതശൈലി പിന്തുടരുകയല്ലാതെ ആയുസ് നീട്ടാൻ കുറുക്കുവഴികളില്ലെന്നും ആരോഗ്യവിദഗ്ദ്ധർ. കൗമുദി ടിവിയുടെ 11-ാം വാർഷികത്തോടനുബന്ധിച്ച് ഹോട്ടൽ ഹൈസിന്തിൽ ഹെൽത്തി ഏജിംഗ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിൽവർ കോൺക്ലേവിലാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചത്. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബിബിൻ കെ.ഗോപാൽ, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്ടർ ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി എന്നിവരാണ് വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രായമായവർ നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടി പരിഹാരങ്ങൾ നിർദ്ദേശിച്ചത്. ഹൃദയാഘാതം,പക്ഷാഘാതം,ഓർമ്മക്കുറവ്,പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾക്കു പുറമേ വിഷാദം ഇന്ന് പ്രായമായവരിൽ വ്യാപകമായി കണ്ടുവരുന്നതായി ഡോ.ബിബിൻ ഗോപാൽ പറഞ്ഞു. ഏകാന്തതയാണ് വിഷാദത്തിൽ അകപ്പെടുന്നതിനു പ്രധാന കാരണം. പ്രായമായെന്ന ചിന്തയാണ് പ്രശ്നം. മനസിൽ അത്തരമൊരു ചിന്ത വരാതിരുന്നാൽ പ്രായത്തെ അതിജീവിക്കാം. 74കാരനായ മമ്മൂട്ടി ചെറുപ്പക്കാരോട് കിടപിടിക്കുന്നരീതിയിൽ
ഇപ്പോഴും സജീവമായിരിക്കുന്നത് മനസിന്റെ പ്രത്യേകതകൊണ്ടാണ്. മനസിനും ശരീരത്തിനും ഉന്മേഷം നൽകാൻ ശ്രമിക്കണം. മിതമായ ഭക്ഷണം, നിത്യേന വ്യായാമം,നല്ല ചിന്തകൾ,വായന,സുഹൃത്തുക്കൾ ഇതെല്ലാം പ്രായത്തെ അതിജീവിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡുകാലത്ത് മനുഷ്യരുടെ ആയുസിന് കുറവുവന്നതായി പഠനങ്ങൾ പറയുന്നു. കേരളത്തിൽ അത് സാരമായി ബാധിക്കാത്തതിനു കാരണം ആയുർവേദം ആഴത്തിൽ വേരൂന്നിയതു കൊണ്ടാണെന്ന് ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി പറഞ്ഞു. വാർദ്ധക്യമെന്നത് മനുഷ്യജീവിതത്തിലെ രമ്യമായ പരിണാമമാണ്. അത് രോഗാതുരമാകാതിരിക്കാൻ കാലേകൂട്ടി ഒരുങ്ങണം.ഹൃദയാഘാതം വന്ന 40വയസായ മകന് കൂട്ടിരിക്കുന്ന 75വയസായ അച്ഛനെയാണ് ഇന്നു കാണുന്നത്. ജീവിതശൈലിയിൽ വന്നമാറ്റമാണ് കാരണം.
യൗവനത്തിൽ നയിക്കുന്ന ജീവിതത്തെ ആശ്രയിച്ചിരിക്കും വാർദ്ധക്യം. കുട്ടികളെ ദിവസേന ഒരുമണിക്കൂർ ഓടിക്കളിക്കാൻ അനുവദിക്കണം. പ്രമേഹം,ബി.പി,കൊളസ്ട്രോൾ,തൈറോയ്ഡ് എന്നീ പ്രശ്‌നങ്ങൾ ഒരേസമയം നേരിടുന്നവർ നടുവിന് വേദനയ്ക്ക് ചികിത്സയ്ക്ക് എത്താറുണ്ട്.നാല് ഗുരുതര പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ വേദന സ്വാഭാവികമാണ്. ഈ സാഹചര്യം മാറണം.കൊളസ്ട്രോൾ വർദ്ധിച്ചുവരുന്ന കാലമാണിത്. ചെറിയ രീതിയിൽ കൊളസ്ട്രോളുള്ളവർ മരുന്നുകൾക്കു പിന്നാലെ പോകാതെ രാവിലെ എഴുന്നേറ്റാൽ വിശന്ന ശേഷം മാത്രം ഭക്ഷണം കഴിക്കുക. ഈ ശീലം പതിവാക്കിയാൽ കൊളസ്ട്രോളിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.