തിരുവനന്തപുരം: വസ്തു തരംമാറ്ര അപേക്ഷ തീർപ്പാക്കാൻ വൈകുന്നതിന് പ്രധാനകാരണം പുതിയ ബാച്ച് ഐ.എ.എസുകാരായ സബ് കളക്ടർമാരുടെ പരിചയക്കുറവ്. റവന്യുവകുപ്പിന്റെ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടര ലക്ഷത്തിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പ്രതിദിനം നാന്നൂറോളം ഓൺലൈൻ അപേക്ഷകളാണ് കിട്ടുന്നത്.
ആർ.ഡി.ഒമാർക്കാണ് അപേക്ഷ തീർപ്പാക്കലിന് അധികാരം. എന്നാൽ 27 ആർ.ഡി.ഒ ഓഫീസുകളിൽ 16ലും ചുമതല സബ്കളക്ടർമാർക്കാണ്. പുതിയ ബാച്ചെന്നു മാത്രമല്ല, പലരും സംസ്ഥാനത്തിന് പുറത്തുള്ളവരുമാണ്. വർഷങ്ങളുടെ പരിചയമുള്ള ആർ.ഡി.ഒമാർ വേഗത്തിൽ തുടർ നടപടി സ്വീകരിക്കും. എന്നാൽ സബ് കളക്ടർമാർ കൂടുതൽ സമയെടുക്കുന്നു. കൈപ്പിഴ പറ്റിയാൽ സർവീസിൽ കറുത്തമാർക്ക് വീഴുമെന്ന പേടിയുമുണ്ടാകും.
ഫോർട്ട് കൊച്ചി ആർ.ഡി.ഒ പരിധിയിൽ 38,203 അപേക്ഷകളാണ് പരിശോധനിക്കാനുള്ളത്. തൃശൂരിൽ 20,647, കോഴിക്കോട്ട് 21,300 അപേക്ഷകൾ തീർപ്പാക്കാനുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ മന്ത്രി കെ.രാജൻ സബ് കളക്ടർമാരുടെയും ആർ.ഡി.ഒമാരുടെയും യോഗം വിളിക്കും. ആർ.ഡി.ഒമാർക്ക് പുറമെ 78 ഡെപ്യൂട്ടി കളക്ടമാർക്ക് കൂടി അപേക്ഷ തീർപ്പാക്കലിന് അധികാരം നൽകാനുള്ള ബിൽ ഗവർണർ ഏപ്രിൽ 27 ന് ഒപ്പിട്ടിരുന്നു. പെരുമാറ്റച്ചട്ടം മാറിയാലേ ഇവരുടെ നിയമനവും നടക്കൂ.
കാലവർഷമെത്തുന്നതോടെ റവന്യു ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂടും. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്, ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം തുടങ്ങി അടിയന്തര കാര്യങ്ങളിലേക്ക് പോകും. വസ്തു തരംമാറ്റം കൂടുതൽ ഇഴയും.
4,35,974
ഇന്നലെവരെ കിട്ടിയ അപേക്ഷകൾ
2,67,900
തീർപ്പാക്കാനുള്ളവ
കൂട്ടത്തോടെ അപേക്ഷകൾ വരുന്ന സ്ഥലങ്ങളിലാണ് വൈകുന്നത്. വലിയ വീഴ്ച ശ്രദ്ധയിൽപ്പെട്ടിട്ടില്ല
മന്ത്രി കെ.രാജൻ