തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണം 90 ശതമാനത്തിലേറെ പൂർത്തിയായിട്ടും സംഭരണവിലയായി കുടിശ്ശിക ഉൾപ്പെടെ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത് 1079 കോടി.
2023-24 നാലാം പാദത്തിലെ 195.38 കോടി, 2024-25ൽ ഒന്നാം പാദത്തിൽ മുൻകൂറായി കിട്ടേണ്ട 376.34 കോടി, മുൻവർഷങ്ങളിലെ കുടിശ്ശിക 507.28 കോടി എന്നിങ്ങനെയാണിത്.
അതേസമയം, സംഭരിച്ച നെല്ലിന്റെ ആകെ വിലയായ 1512.9 കോടിയിൽ 879.95ഉം സപ്ലൈകോ ഇതിനകം വിതരണം ചെയ്തു. വിതരണത്തിൽ തടസമില്ലാതിരിക്കാൻ ബാങ്കുകളുടെ കൺസോർഷ്യവുമായുള്ള കരാർ പ്രകാരം 224.26 കോടി രൂപ കൂടി പി.ആർ.എസ് വായ്പയായി ലഭിക്കും.
49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: ഒഴിവുള്ള 49 തദ്ദേശവാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ വ്യക്തമാക്കി. തിരുവനന്തപുരം വെള്ളനാട് ജില്ലാപഞ്ചായത്ത് ഡിവിഷൻ, കോന്നി, വെള്ളാങ്ങലൂർ,കൊല്ലങ്കോട്, ഇടുക്കി, തൂണേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ 5 വാർഡുകൾ, ആറ്റിങ്ങൽ, തലശേരി, കാസർകോട്, തൊടുപുഴ, മലപ്പുറം മുൻസിപ്പാലിറ്റികൾ ഉൾപ്പെടുന്ന 6 വാർഡുകൾ, 37 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇവ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശവാർഡുകളിലെയും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട്പട്ടിക ജൂൺ ആറിനും അന്തിമ വോട്ടർ പട്ടിക ജൂലായ് ഒന്നിനും പ്രസിദ്ധീകരിക്കും. ജൂൺ ആറ് മുതൽ 21വരെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും അവസരമുണ്ടാവും.
ക്ഷേമപെൻഷൻ വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം തുടങ്ങി. ഇതിനായി ധനവകുപ്പ് 900കോടിരൂപ അനുവദിച്ചിരുന്നു. 52 ലക്ഷത്തോളം പേർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കും. ജനുവരി മുതലുള്ള കുടിശിക ബാക്കിയുണ്ട്. ഇതു മുഴുവൻ നൽകാൻ 4,500 കോടിയിലേറെ രൂപ വേണം. ഏപ്രിലിൽ രണ്ടുമാസത്തെയും മാർച്ചിൽ ഒരുമാസത്തെയും ക്ഷേമപെൻഷൻ നൽകിയിരുന്നു.