hospital

ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട വകുപ്പുകളിൽ നിന്നാണ് ഏതൊരു സർക്കാരിനും ഏറ്റവും കൂടുതൽ വിമർശനം ഉയരാറുള്ളത്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ആരോഗ്യവകുപ്പ്. ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഈ വകുപ്പിൽ അനഭലഷണീയമായ സംഗതികൾ തുടരെ ഉണ്ടാകുമ്പോൾ ഭരിക്കുന്നവരെയും,​ പ്രത്യേകിച്ച് ആ വകുപ്പിന്റെ ചുമതല വഹിക്കുന്നവരെയും ആളുകൾ കുറ്റം പറയുക സ്വാഭാവികമാണ്. ചികിത്സാ പിഴവുകൾ സംഭവിക്കുക, ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ ആക്രമിക്കപ്പെടുക, യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാവുക, ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാതെ വരിക, അവശ്യമരുന്നുകൾ പോലും സർക്കാർ ആശുപത്രിയിൽ നിന്ന് ലഭിക്കാതിരിക്കുക തുടങ്ങിയവ ഇപ്പോൾ സംസ്ഥാനത്തെ ആരോഗ്യരംഗത്ത് നിരന്തരം ആവർത്തിക്കുന്ന കാര്യങ്ങളായിത്തീർന്നിരിക്കുന്നു.

അതേസമയം,​ സർക്കാർ ആശുപത്രികളെ സമീപിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഓരോ വർഷം കഴിയുന്തോറും വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് സൗകര്യങ്ങളുടെ വ്യാപ്തി വർദ്ധിക്കാത്തതാണ് ഈ മേഖലയിൽ നിരന്തരം സംഘർഷങ്ങൾക്ക് ഇടയാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതാണ്. ഉള്ളവരിൽ പലരും അനധികൃത അവധിയെടുത്ത് പോകുകയും ചെയ്യുന്നതോടെ ആശുപത്രികളിലെ ആൾക്ഷാമം ഒരു ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതു നേരിടാൻ ഏറ്റവും ഒടുവിൽ അന്ത്യശാസനം തന്നെ നൽകേണ്ടിവന്നിരിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും അടക്കം അനധികൃത അവധിയിലുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരും ജൂൺ ആറിനകം ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പകർച്ചവ്യാധികൾ വ്യാപകമാവുകയും മഴയിലും വെള്ളപ്പൊക്കത്തിലും രോഗ ദുരിതങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധിയിൽ പോയിരിക്കുന്നവർക്ക് അന്ത്യശാസനം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ആയിരത്തിലധികം പേർ അവധിയിലാണെന്നാണ് വിവരം. ഇവരുടെ കണക്കെടുത്ത് അനന്തര നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ,​ മെഡിക്കൽ- പാരാ മെഡിക്കൽ മേധാവികളോട് ദീർഘകാലമായി ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവരെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടപ്രകാരം ലഭിക്കുന്ന അഞ്ചു വർഷത്തെ അവധി എടുത്ത് ഡോക്ടർമാരും നഴ്സുമാരും മറ്റും വിദേശങ്ങളിൽ വരെ പോയി ജോലി ചെയ്യുന്നുണ്ടെന്നത് ഒരു രഹസ്യമൊന്നുമല്ല. അങ്ങനെയുള്ളവരെ വിദേശങ്ങളിൽ തുടരാൻ അനുവദിച്ച്,​ പകരം ഇവിടെ പുതുതായി ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

എട്ടുവർഷത്തിനു ശേഷം അടുത്തിടെയാണ് അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡിലേക്കുള്ള എഴുത്തുപരീക്ഷ പി.എസ്.സി നടത്തിയത്. അതിന്റെ ലിസ്റ്റിട്ടെങ്കിലും അഭിമുഖ പരീക്ഷ ഇനിയും തുടങ്ങിയിട്ടില്ല. പി.എച്ച് സെന്ററുകളിലേക്കുള്ള ഡോക്ടർമാരുടെ അഭിമുഖം പി.എസ്.സി നടത്തിവരുന്നതേയുള്ളൂ. നൂറുകണക്കിന് ഡോക്ടർമാർ മെഡിക്കൽ കോളേജുകളിൽ നിന്നും മറ്റു ആശുപത്രികളിൽ നിന്നും എല്ലാവർഷവും പിരിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ അതനുസരിച്ച് നിയമനം നടത്തുന്നതിൽ സർക്കാരും പി.എസ്.സിയും വരുത്തുന്ന വീഴ്ച അക്ഷന്തവ്യമാണ്. എത്രയും പെട്ടെന്ന് പി.എസ്.സി നടപടികൾ ത്വരിതപ്പെടുത്തി പുതിയ ഡോക്ടർമാരുടെയും മറ്റും നിയമനം സാദ്ധ്യമാക്കിയില്ലെങ്കിൽ ഈ വിഷയം പരിഹരിക്കപ്പെടാതെ തുടരാനാണ് സാദ്ധ്യത. അതുപോലെ തന്നെ,​ പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ കിട്ടുന്ന ഡോക്ടർമാരിൽ പലർക്കും സർക്കാർ സർവീസിൽ പഴയതുപോലെ പ്രവേശിക്കാൻ താത്പര്യമില്ലെന്നതും വസ്തുതയാണ്. ഇവരുടെ സേവന,​ വേതന നിരക്കുകൾ വളരെ കുറഞ്ഞിരിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. അതിനാൽ അക്കാര്യത്തിലും കാലോചിതമായ പരിഷ്കാരം വരുത്തുന്നതും സർക്കാർ പരിഗണിക്കേണ്ടതാണ്.