തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കാർട്ടൂണുകളുടെ പ്രദർശനം ജൂൺ 1 മുതൽ 3വരെ തലസ്ഥാനത്തെ സ്റ്റുഡന്റ് സെന്ററിൽ നടക്കും.കേരള കാർട്ടൂൺ അക്കാഡമി അംഗങ്ങളുടെ തിരഞ്ഞെടുത്ത 75 കാർട്ടൂണുകളാണ് പ്രദർശനത്തിലുണ്ടാകുക. കേരള കാർട്ടൂൺ അക്കാഡമിയും സാംസ്‌കാരിക സംഘടനയായ കല,കോഫി ഹൗസ് കൂട്ടായ്മ എന്നീ സംഘടനകളുടെ സഹകരണത്തിലാണ് പ്രദർശനം ഒരുക്കുന്നത്.ജൂൺ 1ന് രാവിലെ 11ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർ നാഥ്,സെക്രട്ടറി എ.സതീഷ്,കലയുടെ ട്രസ്റ്റി ഇ.എം.രാധ,കോഫി ഹൗസ് കൂട്ടായ്മ അംഗവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ അലക്‌സ് വള്ളക്കാലിൽ തുടങ്ങിയവർ പങ്കെടുക്കും.

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ.അശോകൻ,ദീപിക എഡിറ്റർ ജോർജ് കള്ളിവയലിൽ,അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തകൻ ജോസി ജോസഫ് എന്നിവരുടെ ജൂറിയാണ് കാർട്ടൂണുകൾ തിരഞ്ഞെടുത്തത്.ജൂൺ 3ന് വൈകിട്ട് 3ന് കാപ്പിയും കാർട്ടൂണും എന്ന നർമ്മ സല്ലാപ ചടങ്ങും നടക്കും.