papanasam

ഇന്നലെ നാലിടങ്ങളിൽ

വർക്കല: മഴ കനത്തതോടെ പാപനാശത്ത് കുന്നിടിച്ചിൽ തുടർക്കഥയാകുന്നു. ഇന്നലെ ഏണിക്കൽ- ആലിയിറക്കം ബീച്ചുകൾക്കിടയിലായി നാലിടത്ത് കുന്നിടിഞ്ഞു. 30 മീറ്ററോളം ഉയരമുള്ള കുന്നുകൾ ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ആലിയിറക്കം ഭാഗത്ത് 15 മീറ്ററിലധികം വീതിയിലും ഏണിക്കലിൽ 3- 8 മീറ്റർ വരെ വീതിയിലുമാണ് ഇടിഞ്ഞത്.

കാലവർഷം കൂടി എത്തിയതോടെ കൂടുതൽ ഭാഗങ്ങളിൽ കുന്നിടിയാൻ സാദ്ധ്യതയുണ്ട്. പാപനാശം ഹെലിപ്പാട് പൊലീസ് എയ്ഡ് പോസ്റ്റ്, ബലിമണ്ഡപത്തിനു സമീപം, ഇടവ വെറ്റക്കട വലിയ മലപ്പുറം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ കുന്നിടിഞ്ഞിരുന്നു. വർഷങ്ങളായി പാപനാശം കുന്നുകൾ തകർച്ചാഭീഷണി നേരിടുകയാണ്. മുൻ വർഷങ്ങളിൽ ഇടിച്ചിലുണ്ടായിരുന്നെങ്കിലും ഇത്രയുമധികം ഇതാദ്യമാണ്.

ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് പാപനാശത്തേക്ക് എത്തുന്നത്. എന്നാൽ ഇവിടെ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അവർ അറിയുന്നില്ല. കുന്നുകൾ തുരന്ന് നിരവധി സ്വകാര്യ റിസോർട്ടുകൾ തുരങ്കങ്ങളും സ്വിമ്മിംഗ് പൂളുകളും പടിക്കെട്ടുകളും നിർമ്മിച്ചിട്ടുണ്ട്. മുളകളും ഇരുമ്പ് കമ്പികളും സിമെന്റും ഉപയോഗിച്ചുള്ള ഈ നിർമ്മാണങ്ങളാണ് കുന്നുകൾ ഇടിയാനുള്ള പ്രധാന കാരണം.

കണ്ണടച്ച് അധികൃതർ

അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന ഇത്തരം നിർമ്മാണങ്ങളും അനധികൃത കെട്ടിടങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ കണ്ണടയ്ക്കുന്നെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. പ്രശ്നത്തിൽ ടൂറിസം വകുപ്പിന്റെ യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. അപകടം സംഭവിക്കുമ്പോൾ നടപടികളുമായി മുന്നോട്ടു വരുമെങ്കിലും അതിന്റെ ചൂട് കെടുന്നതോടെ എല്ലാം പഴയപടിയാവും. പ്രകൃതിസ്നേഹികൾ ജില്ലാ കളക്ടർക്കും ടൂറിസം ഡയറക്ടർക്കും പരാതികൾ നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

സംരക്ഷിക്കേണ്ടവ

ഭൗമ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകൾ ഗവേഷണം നടത്തി അവസാദശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ടുകൾ നൽകിയെങ്കിലും അതിലും നടപടിയുണ്ടായില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നോർത്ത് സൗത്ത് ക്ലിഫുകൾ പൂർണമായും ബിസിനസ് മേഖലയായി മാറി.