തിരുവനന്തപുരം: കനത്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴും പ്രശ്നം ചർച്ച ചെയ്യാതെ നഗരസഭ കൗൺസിൽ ഉടക്കിപ്പിരിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ നഗരവാസികൾ ദുരിതത്തിലാണ്. ഭരണസമിതി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പരിഹാരം ചർച്ച ചെയ്യേണ്ട കൗൺസിൽ യോഗം പ്രതിഷേധത്തിന്റെ പേരിൽ ഭരണസമിതിയുടെ ഇഷ്ടപ്രകാരം രണ്ട് മിനിട്ടിൽ ഇന്നലെ അവസാനിപ്പിച്ചു. പ്രതിഷേധങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമിടയിൽ ചർച്ച കൂടാതെ അജൻഡകൾ പാസാക്കി യോഗം പിരിയുകയായിരുന്നു.
അജൻഡ അവതരിപ്പിച്ചു തുടങ്ങുംമുമ്പേ ബി.ജെ.പി അംഗം എം.ആർ.ഗോപൻ തുടർച്ചയായ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു. മഴക്കാലപൂർവ ശുചീകരണം, സ്മാർട്ട് റോഡ് നിർമ്മാണം തുടങ്ങിയവ കാര്യക്ഷമമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉടൻ മേയർ ഇടപെട്ട് ഗോപന്റെ മൈക്ക് ഓഫ് ചെയ്യിപ്പിച്ചു. അജൻഡ അവതരിപ്പിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ ക്ഷണിച്ചതോടെ ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തിനിടെ രണ്ട് മിനിട്ടിനുള്ളിൽ പ്രശ്നമുള്ള അജൻഡകൾ പാസായതായി മേയർ അറിയിച്ച് യോഗം പിരിഞ്ഞു.
യു.ഡി.എഫ് അംഗങ്ങൾ മേയറുടെ ഓഫീസിലെത്തി ഹാജർ രേഖപ്പെടുത്താൻ ബുക്ക് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്ന് പി.പത്മകുമാർ ആരോപിച്ചു. തുടർന്ന് അവകാശലംഘനം ചൂണ്ടിക്കാട്ടി കൗൺസിലർമാർ സെക്രട്ടറിക്ക് പരാതി നൽകി. പ്രതിഷേധ പ്രകടനത്തിനും ധർണയ്ക്കും ജോൺസൺ ജോസഫ്, പി.ശ്യാംകുമാർ, മേരി പുഷ്പം, ആക്കുളം സുരേഷ്, സതികുമാരി, വനജാ രാജേന്ദ്രബാബു, സെറാഫിൻ ഫ്രെഡി, സി.ഓമന, മിലാനി പെരേര എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി അംഗങ്ങൾ മേയറുടെ ഓഫീസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തുടർന്ന് നഗരസഭയുടെ മുന്നിലും പ്രതിഷേധിച്ചു. കരമന അജിത്ത്, തിരുമല അനിൽ, വി.ജി.ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു.