ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ ചാനൽപ്പാലം - റസൽപ്പുരം റോഡ് പൊട്ടിപ്പൊളിഞ്ഞതിനെതിരെ നാട്ടുകാരുടേയും വാഹനയാത്രക്കാരുടേയും പരാതികളേറുന്നു. റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടികളുമുണ്ടാവുന്നില്ലെന്നാണ് പരാതി. റോഡ് നീളെ കുഴികൾ രൂപപ്പെട്ടതിനാൽ ഒരേസമയം എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാൻ പറ്റാത്തവിധം ഗതാഗതതടസം രൂക്ഷമായിരിക്കുകയാണ്. കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ മെറ്റലിട്ട് നികത്തണമെന്ന ആവശ്യമുയർന്നെങ്കിലും അധികൃതർ ഇതൊന്നും കണ്ടില്ലെന്നമട്ടാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ റോഡ് വെള്ളക്കെട്ടായി മാറിക്കഴിഞ്ഞു. റോഡേത് കുഴിയേത് എന്നറിയാൻ സാധിക്കാത്തവിധം അരക്കിലോമീറ്ററോളം റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഈ സ്ഥിതി തുടർന്നാൽ വിവിധ ദിക്കിൽ നിന്നും വാഹനമാർഗം എത്തുന്നവർക്ക് കൂടുതൽ അപകടഭീഷണിയായി റോഡ് മാറും. കെ.എസ്.ആർ.ടി.സി സർവീസ് ഉൾപ്പെടെ നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ ഇതുവഴി പോവുന്ന വാഹനങ്ങളുടെ എണ്ണവും വർദ്ധിക്കും.
റോഡ് ടാറിട്ട് ഗതാഗത യോഗ്യമാക്കണം
ആറാലുംമൂട് ശ്രീവിവേകാനന്ദ, വിശ്വഭാരതി, നസ്രത്ത് ഹോം, ജി.ആർ, സരസ്വതി, ചിന്മയ, അമൃത, ക്രൈസ്റ്റ് നഗർ തുടങ്ങി നിരവധി സ്കൂൾ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു. റോഡ് എത്രയും വേഗം ടാറിട്ട് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കാൻ സാധിക്കില്ലെന്നും ആക്ഷേപമുണ്ട്. ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ച് ദീർഘകാല സുരക്ഷിതത്വം ഉറപ്പുവരുത്തി ബി.എം.ആൻഡ്.ബി.സി മാതൃകയിൽ റോഡ് നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
ലോറികളുടെ അനിയന്ത്രിത സഞ്ചാരം
ക്വാറികളിൽ നിന്നുള്ള ഭീമൻ ലോറികളുടെ അനിയന്ത്രിത സഞ്ചാരമാണ് റോഡ് പൊട്ടിപ്പൊളിയാനുള്ള പ്രധാനകാരണം. അടുത്തിടെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് എംസാന്റ് ഉടമ മെറ്റൽപാകി റോഡിലെ കുഴികളടച്ചെങ്കിലും മഴയത്ത് വീണ്ടും കുഴികൾ രൂപപ്പെട്ടു. നിലവിൽ ഒരു വാഹനവും കടന്നുപോകാൻ കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് കൂടുതൽ തകർച്ചാഭീഷണി നേരിടുകയാണ്. കൈചാനൽ, സിമന്റ് ഗോഡൗണിനു സമീപം, റസൽപുരം ഗുരുമന്ദിരത്തിനു സമീപം എന്നിവിടങ്ങളിലെല്ലാം കുഴികൾ നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ റോഡിലെ കുഴികൾ നികത്തണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു. കാലവർഷം കൂടുതൽ ശക്തിയാർജ്ജിക്കുന്നതോടെ റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാവും.