g

തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി തലസ്ഥാനത്തും സജ്ജമാക്കിയത് വൻ സുരക്ഷ. പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്ടറിലാണ് കന്യാകുമാരിയിലേക്ക് പോയത്.

കാലാവസ്ഥ പ്രതികൂലമായാൽ റോഡുമാർഗം പോകാനുള്ള ബദൽ പ്ലാനും സജ്ജമാക്കിയിരുന്നു. എസ്.പി.ജിക്കാണ് സുരക്ഷാ ചുമതല. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനും അകമ്പടിക്കുമുള്ള ബുള്ളറ്റ് പ്രൂഫ് കാറുകൾ,മൊബൈൽ സിഗ്നൽ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ,മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം ഐ.എൽ 76 വിമാനത്തിൽ നേരത്തേ എത്തിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂ ബുക്ക് പ്രകാരം 50 പ്ലാറ്റൂൺ പൊലീസിനെയും 200 ഓഫീസർമാരെയുമാണ് നിയോഗിക്കേണ്ടത്. എസ്.പി.ജിയുടെ നിർദ്ദേശപ്രകാരമായിരിക്കണം സുരക്ഷാവിന്യാസം. പ്രധാനമന്ത്രി കോപ്ടറിൽ പോയതോടെ വാഹനവ്യൂഹം സിറ്റി പൊലീസ് ക്യാമ്പിലേക്ക് മാറ്റി. സമാനമായ വാഹനവ്യൂഹം മടക്കയാത്രയ്‌ക്കായി കന്യാകുമാരിയിലും സജ്ജമാക്കിയിട്ടുണ്ട്.