akg-center

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നാല് പ്രതികളുണ്ടെങ്കിലും കുറ്റപത്രത്തിൽ രണ്ട് പ്രതികളുടെ പേരാണുള്ളത്. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മുക്കോല സ്വദേശി ജിതിൻ (കണ്ണൻ), മൺവിള മുരുകൻ ക്ഷേത്രത്തിന് സമീപം താഴെ പുതുവൽ പുത്തൻവീട്ടിൽ നവ്യ (ചിന്നു) എന്നിവരെയാണ് പ്രതികളാക്കിയത്. യൂത്ത് കോൺഗ്രസ് കുളത്തൂർ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. ഇയാളുടെ സുഹൃത്താണ് നവ്യ. 2022 ജൂൺ 13ന് സി.പി.എം പ്രവർത്തകർ കെ.പി.സി.സി ഓഫീസ് ആക്രമിച്ചതിനും ജൂൺ 23ന് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് ആക്രമിച്ചതിനും പ്രതികാരമായി 2022 ജൂൺ 30ന് രാത്രി 11.25ന് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞെന്നാണ് പൊലീസ് കേസ്.
യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുടെ മേൽ നോട്ടത്തിലാണ് ബോംബ് നിർമ്മിച്ചതെന്നും ജിതിന് ബോംബ് എറിയുന്നതിനുള്ള സ്‌കൂട്ടർ ഈ നേതാവിന്റെ ഡ്രൈവറാണ് നവ്യയെ ഏല്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ രണ്ടാം പ്രതിയായ ജില്ലാ നേതാവിന്റെയും നാലാം പ്രതിയായ ഡ്രൈവറുടെ പേരും കുറ്റപത്രത്തിലില്ല. നാലാം പ്രതി ആനയറ വെൺപാലവട്ടത്തുവച്ചാണ് നവ്യയ്‌ക്ക് സ്‌കൂട്ടർ കൈമാറിയത്. നവ്യ ഈ സ്‌കൂട്ടർ തമ്പുരാൻമുക്ക് ജംഗ്ഷനിൽ വച്ച് ജിതിന് കൈമാറിയെന്നും തന്റെ കാറിൽ സൂക്ഷിച്ചിരുന്ന ബോംബുമായി ജിതിൻ എ.കെ.ജി സെന്റർ ഭാഗത്തേക്ക് പോയെന്നുമാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ നിർണായക കുറ്റകൃത്യം ചെയ്‌തവരാണ് രണ്ടും നാലും പ്രതികൾ.